സ്പീക്കര്‍ നിരപരാധി; യുഡിഎഫ്-ബിജെപി സംയുക്ത പ്രമേയമെന്ന് എം സ്വരാജ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെ തിരിച്ചടിച്ച് എം സ്വരാജ് എംഎല്‍എ. ഈ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സൃഷ്ടിപരമായ ഒരു ആശയവും ഉയര്‍ന്നുവന്നിട്ടില്ല. ശൂന്യതയില്‍ നിന്നുണ്ടാകുന്ന ബഹളമാണ്. പ്രമേയാവതാരകന്‍ സ്പീക്കറെ അഭിനന്ദിച്ചുവെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

ഒരു നിരപരാധിയെ ഒരു സംഘം കുറ്റവാളികള്‍ ചേര്‍ന്ന് കുരിശിലേറ്റാന്‍ വൃഥാ പണിപ്പെടുന്ന കാഴ്ചയാണ്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം ആരോപണം ഉന്നയിക്കാന്‍. സമൂമാധ്യമത്തില്‍ തങ്ങള്‍ തീറ്റിപ്പോറ്റുന്ന അടിമപ്പട്ടാളത്തെ കയറൂരിവിടുന്നവരാണ് പ്രതിപക്ഷം.

ജിപിഎസ് ഓഫായി, ലോറി ബാംഗ്ലൂരില്‍ പോയി, കുരുക്ക് മുറുകുന്നു എന്നെല്ലാം ഒരു തരി പൊന്ന് പോലും ഇല്ലാത്ത കുടുംബത്തിലെ അംഗമായ ഈ മന്ത്രിസഭയിലെ മന്ത്രിയെ അധിക്ഷേപിച്ചിട്ട് എന്തുണ്ടായി? എവിടെ ജിപിഎസ്, എവിടെ ലോറി, എവിടെ മുറുകിയ കുരുക്കെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ ധാര്‍മ്മികതയും മര്യാദയും തൊട്ടുതീണ്ടാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവിന്റെ ആരെയൊക്കെ ചോദ്യം ചെയ്തുവെന്ന് എംകെ മുനീറിനോട് അദ്ദേഹം ചോദിച്ചു. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നിട്ട് ഓടിരക്ഷപ്പെടേണ്ട ഗതികേട് ഞങ്ങള്‍ക്കാര്‍ക്കും വന്നിട്ടില്ല. 53ാമത്തെ വയസില്‍ പിറന്നുവീണയാളല്ല ശ്രീരാമകൃഷ്ണന്‍. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ചരിത്രമുള്ളയാളാണ്. കളങ്കത്തിന്റെ ഒരു പൊട്ടുപോലും അദ്ദേഹത്തിനെതിരെയില്ലെന്നും ഉപരാഷ്ട്രപതി നല്‍കിയ പ്രശംസാ പത്രത്തിലെ വാചകം പരാമര്‍ശിച്ചു കൊണ്ട് സ്വരാജ് പറഞ്ഞു.

Top