കുവൈറ്റ് സിറ്റി: രാജ്യത്തെ മതനിരപേക്ഷത അപകടത്തിലെന്ന് എം.സ്വരാജ് എം.എല്‍.എ. മതനിരപേക്ഷത സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസ്സിനുണ്ട്, നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ്സ് അതിനു ശ്രമിക്കുന്നില്ലന്നും സ്വരാജ് പറഞ്ഞു.
കേരളത്തില്‍ പൊലീസ് നടപടികള്‍ എല്ലാ കാലത്തും വിമര്‍ശനത്തിനു വിധേയമാകാറുണ്ട്. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കുഴപ്പക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടികളെടുക്കുന്നുണ്ട്. സിനിമാ ഹാളില്‍ മാത്രം ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിന്റെ യുക്തി തനിക്ക് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും പേരുകേട്ട ഇന്ത്യയില്‍ അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണു ഇതിനായി നിലകൊണ്ട ഇ.എം.എസ്, ഏ.കെ.ജി എന്നിവരെ നാം അനുസ്മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല കുവൈറ്റ്) സംഘടിപ്പിച്ച ഇ.എം.എസ്, ഏ.കെ.ജി, ബിഷപ്പ് പൗലൊസ് മാര്‍ പൗലോസ് അനുസ്മരണ സമ്മേളനത്തില്‍ ‘വര്‍ത്തമാനകാല ഇന്ത്യ, സമകാലിക കേരളം’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു എം.സ്വരാജ്.