M Swaraj’s fb post

തിരുവനന്തപുരം: സി.പി.ഐയുടെ മുഖപത്രമായ ‘ജനയുഗ’ത്തില്‍ തന്നെ കപ്പലണ്ടി കമ്മ്യൂണിസ്‌റ്റെന്നും ചരിത്രമറിയാത്ത കഴുതയെന്നും വിശേഷിപ്പിച്ചതിന് മറുപടിയുമായി സി.പി.എം എം.എല്‍.എ എം.സ്വരാജ് രംഗത്ത്.

പത്രത്തിലെ ലേഖനം അക്ഷരവൈകൃതവും എഴുതിയവന്റെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും സ്വയം തുറന്നു കാട്ടുന്നതാണെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഉദയംപേരൂരിലെ പ്രസംഗത്തില്‍ താന്‍ പറഞ്ഞത് കോണ്‍ഗ്രസ് കൊടിയെ കുറിച്ചാണെന്നും അതിന് സി.പി.ഐയ്ക്ക് നോവുന്നത് എന്തിനാണെന്നും ‘ഞാന്‍ പറഞ്ഞതെന്ത്? സി.പി.ഐ കേട്ടതെന്ത്’ എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വരാജ് ചോദിച്ചു.

തനിക്കെതിരെ എഴുതിയ ലേഖനത്തിന്റെ സൃഷ്ടാവിന്റെ പേര് സി.പി.ഐക്കാരനായ സുഹൃത്ത് പറഞ്ഞപ്പോള്‍ തന്റെ സകല സംശയങ്ങളും മാറി. സ്വന്തം പേര് പല കാരണങ്ങളാല്‍ പുറത്ത് പറയാനാവാതെ പെണ്‍പേരില്‍ വൈകൃത സൃഷ്ടികര്‍മം നടത്തുന്ന ആ മഹാവിപ്ലവകാരിയെ പലപ്പോഴും തമ്പാനൂരിലെയും പാളയത്തെയും പാതയോരത്ത് നിന്ന് എ.ഐ.ടി.യു സി സഖാക്കള്‍ തലച്ചുമടായി എം.എന്‍,സ്മാരകത്തില്‍ ഇറക്കി വയ്ക്കാറുള്ളതാണ്.

അത്തരം സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് കൊടിയെ കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ അത് സി.പി.ഐ കൊടിയാണെന്ന് കേട്ടേക്കാം. അപ്പോള്‍ പൂരപ്പാട്ടല്ലാതെ മറ്റെന്തെഴുതാനാണെന്നും സ്വരാജ് ചോദിക്കുന്നു.

മുമ്പും ഇത്തരം തെറി വിളികള്‍ കേട്ടു ശീലമുള്ളതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാല്‍, ‘കപ്പലണ്ടി കമ്മ്യൂണിസ്റ്റ് ‘ എന്താണെന്ന് മനസിലായിട്ടില്ല. ഇനി കപ്പലണ്ടി കഴിക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധമാണോ? എനിക്കാണെങ്കില്‍ കപ്പലണ്ടി ഇഷ്ടവുമാണ്. കപ്പലണ്ടി സംബന്ധിച്ച് സി.പി.ഐ വല്ല പ്രമേയവും പാസാക്കിയിട്ടുണ്ടോ എന്നറിയില്ല. അതറിയാതെ അവിവേകം ചെയ്‌തെങ്കില്‍ ക്ഷമാപണം നടത്താം സ്വരാജ് പരിഹസിച്ചു.

ഇപ്പോള്‍ തന്തയ്ക്ക് വിളിയും ഈച്ച മുതല്‍ കഴുത വരെയുമുള്ള പ്രയോഗമേ ഉണ്ടായിട്ടുള്ളൂ. സി.പി.ഐയുടെ ‘ആസ്ഥാന പണ്ഡിതന്റെ ‘ നിലവാരം വച്ചു നോക്കിയാല്‍ ഇഷ്ട മൃഗങ്ങളായ പട്ടിയും കുരങ്ങും ഇതുവരെ എത്തിയിട്ടില്ല ! . ഉടനേ ആ മൃഗങ്ങളുടേയും മറ്റു മൃഗങ്ങളുടേയും ഊഴം വരുമെന്ന് കരുതാം.

അന്തസോടെ സംവാദം നടത്താന്‍ കെല്‍പുള്ള ഒരുത്തനും പാര്‍ട്ടി ഇല്ലാതെ പോയതിന്റെ ദു:ഖം സി.പി.ഐ യെ സ്‌നേഹിക്കുന്നവര്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടാവും. ഉത്തരം മുട്ടുമ്പോ ഇഷ്ടമില്ലാത്തവന്റെ തന്തയ്ക്കു വിളിക്കാനും കഴുതയെന്ന് ആക്ഷേപിക്കാനുമൊക്കെ എളുപ്പമാണ് . പക്ഷേ, സ്‌കൂള്‍ കുട്ടികള്‍ പോലും ഇപ്പോള്‍ അങ്ങനെയൊന്നും പറയാറില്ലെന്ന് ലേഖനമെഴുത്തുകാര്‍ മനസിലാക്കണമെന്നും സ്വരാജ് ഓര്‍മ്മിപ്പിക്കുന്നു.

Top