കോഴിക്കോട്: ശബരിമല ദര്‍ശനത്തിനു പോകുന്നവര്‍ പൊലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിര്‍ദ്ദേശം ബിജെപി ലംഘിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്.
ഇത്തരം ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കില്ല. മണ്ഡലമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ പാസില്ലാതെ ശബരിമലയിലെത്തും. തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ തടയട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
കേട്ടുകേള്‍വിയില്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്ന പിണറായി വിജയന്‍ വിശ്വാസികള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടെയും കടമയാണെന്നും രമേശ് പറഞ്ഞു.
പൊലിസ് സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ പാസ് വാങ്ങണമെന്ന നിബന്ധനയെ ചെറുത്തു തോല്‍പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും അറിയിച്ചിരുന്നു. വിശ്വാസത്തെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കമാണിതെന്നും ഇതിനെതിരെ വിശ്വാസികള്‍ അണിനിരക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍ നിന്നാണ് പാസ് വാങ്ങേണ്ടത്.
എല്ലാ സ്റ്റേഷനുകളില്‍ നിന്നും പാസ് സൗജന്യമായി നല്‍കുന്നതാണ്. പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം.