കലശം വരവിൽ പി ജയരാജന്റെ ചിത്രം വച്ചതിനെ തള്ളി സിപിഎം

തിരുവനന്തപുരം: കണ്ണൂർ കതിരൂരിലെ കലശം ഘോഷയാത്രയിൽ പി ജയരാജന്‍റെ ചിത്രം വച്ചതിനെ തള്ളി സിപിഎം. ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി പി ജയരാജൻ്റെ പടം വച്ചത് പാർട്ടി അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ എം വി ഗോവിന്ദൻ, വിശ്വാസവുമായി ബന്ധപ്പെട്ട് മാര്‍ക്സിന്‍റെ പടം വച്ചാലും അംഗീകരിക്കില്ലെന്ന് പ്രതികരിച്ചു. ഒരു വിശ്വാസത്തിനും പാർട്ടി എതിരല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

കണ്ണൂരിൽ ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായ കലശം വരവിൽ പി ജയരാജന്‍റെ ചിത്രം ഉൾപ്പെടുത്തിയ കലശം പ്രദർശിപ്പിച്ചതിനെ ചൊല്ലി സിപിഎമ്മിൽ വിവാദം ഉയര്‍ന്നിരുന്നു. പ്രവർത്തകരുടെ നടപടിയെ സിപിഎം ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. നേതാക്കളുടെ ചിത്രം വെച്ചല്ല ക്ഷേത്രങ്ങളിൽ കലശവും ഘോഷയാത്രയും നടത്തണ്ടതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞത്. ക്ഷേത്ര കലശത്തിൽ പാർട്ടി നേതാക്കളുടെ ചിത്രം പതിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കണ്ണൂരിലെ കാവുകളിലും ക്ഷേത്രങ്ങളിലും താലപ്പൊലി മഹോത്സവങ്ങളുടെ ഭാഗമായുള്ള കലശം വരവുകളിൽ പാർട്ടി ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് വലിയ പുതുമയല്ല. എന്നാൽ പി ജയരാജന്‍റെ തട്ടകമായ കതിരൂർ പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തിലെ കലശത്തിലെ അലങ്കാരത്തിൽ നേതാവിനെ തന്നെയാണ് പ്രദർശിപ്പിച്ചത്. പി ജയരാജന്‍റെയും ഒപ്പം ചെഗുവേരയുടെയും ചിത്രമായിരുന്നു കലശത്തിൽ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ പതിമൂന്നിന് നടന്ന താലപ്പൊലി മഹോത്സവത്തിൽ പാട്യം നഗറിലെ പ്രവർത്തകരാണ് ജയരാജന്‍റെ കലശമെടുത്തത്. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രവർത്തകർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടിയെ തള്ളിപ്പറഞ്ഞ് ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്ത് വന്നത്.

Top