സോളാറില്‍ വെന്റിലേറ്ററിലായ യു.ഡി.എഫിന് ഉത്തേജക മരുന്ന് നല്‍കുന്നത് എന്തിനെന്ന് ?

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.എം – സി.പി.ഐ ബന്ധം വഷളായി നില്‍ക്കെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ എം.വി ജയരാജനും രംഗത്ത്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ വെന്റിലേറ്ററിലായ യു.ഡി.എഫിന് ഉത്തേജക മരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുന്നത് എല്‍.ഡി.എഫിന്റെ രാഷ്ട്രീയമല്ലന്നും, അത് യു.ഡി.എഫിന് ആഹ്ലാദം നല്‍കുന്നത് മാത്രമാണെന്നും ജയരാജന്‍ തുറന്നടിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

രാജി ഉയര്‍ത്തുന്ന-രാഷ്ട്രീയ നിയമ പ്രശ്‌നങ്ങള്‍ എന്താണ് ?

LDFന്റെ ധാര്‍മ്മികതയും നീതിബോധവും രാഷ്ട്രീയ സംശുദ്ധിയും ഒരിക്കല്‍ കൂടി തെളിയിച്ചതാണ് തോമസ് ചാണ്ടിയുടെ രാജി.തോമസ് ചാണ്ടി മന്ത്രിയായത് മറ്റൊരു മന്ത്രിയുടെ രാജിയെ തുടര്‍ന്നാണ്.അന്നും മന്ത്രി രാജിവെച്ചത് രാഷ്ട്രീയവും നിയമപരവും ധാര്‍മികവുമായ എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷിയും LDFഉം ചര്‍ച്ച ചെയ്തു കൊണ്ടായിരുന്നു. ഇ.പി ജയരാജന്‍ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുന്നതും ഇതേ പ്രക്രിയയിലൂടെയായിരുന്നു.

കാലതാമസമുണ്ടായെന്നും മുഖ്യമന്ത്രി തോമസ്ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചു വെന്നും ആക്ഷേപിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിക്കാണ് ഇങ്ങനെ സംഭവിക്കുന്നതെന്‍കിലും ഇതേ നടപടിക്രമങ്ങള്‍ പാലിക്കുക തന്നെ ചെയ്യും. മുന്നണി ഭരണത്തില്‍ ഒരു കക്ഷിയുടെ മേല്‍ മറ്റൊരു കക്ഷിക്ക് ആധിപത്യമില്ല.

എല്ലാ കക്ഷികള്‍ക്കും അംഗബലത്തിന്റ അടിസ്ഥാനത്തില്‍ പദവികളും നിലപാടുകളുടെ കാര്യത്തില്‍ തുല്യ പരിഗണനയുമാണ്. മുന്നണി ഭരണത്തില്‍ വല്യേട്ടന്മാരില്ല.ഒരു കാലത്ത് ചിലര്‍ ഉയര്‍ത്തി കൊണ്ടുവന്ന ആക്ഷേപം CPIM വല്യേട്ടന്‍ മനോഭാവം കാട്ടുന്നുവെന്നായിരുന്നു. മാത്രമല്ല മുഖ്യമന്ത്രി മറ്റു വകുപ്പുകളില്‍ ഇടപെടുന്നുവെന്നായിരുന്നു. ഇപ്പോള്‍ പറയുന്നു വേഗം നടപടി എടുത്തില്ലെന്ന്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 26.09.2017ന് ലഭിച്ചു. വിവിധ തലങ്ങളില്‍ നിന്നും നിയമോപദേശം തേടുകയും ഒന്നര മാസത്തിനുശേഷം നവംബര്‍ 8ന് മന്ത്രിസഭ തീരുമാനമെടുക്കുകയും നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. ചിലരുടെ ആക്ഷേപം ഉമ്മന്‍ചാണ്ടിയെയും കൂട്ടരെയും രക്ഷിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു. ആരുടെയും വായടപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അഴിമതിയും കൊള്ളരുതായ്മകളും കാട്ടിയവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്ന്.

തോമസ്ചാണ്ടിയെ കുറിച്ചുള്ള കലക്ടരുടെ അന്തിമ റിപ്പോര്‍ട്ട് റവന്യു സെക്രട്ടറിക്ക് ഒക്ടോബര്‍ 20നാണ് കിട്ടിയത്. എ ജിയുടെ നിയമോപദേശം നവംബര്‍ 8ന് ലഭിച്ചതിനുശേഷം നവംബര്‍ 15ന് മന്ത്രി രാജിവെച്ചു. മന്ത്രി സ്ഥാനത്തിരുന്ന് സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്ത നടപടി ശരിയായില്ലെന്ന് രൂക്ഷമായ വിമര്‍ശനത്തോടെ നവംബര്‍ 14ന് കോടതി വിധി വന്നപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ രാജിവെച്ചു.

തോമസ് ചാണ്ടി മന്ത്രിയായശേഷം സംഭവിച്ചതല്ല ഉയര്‍ന്നുവന്ന ആരോപണങ്ങള്‍.എന്നിട്ടും സര്‍ക്കാര്‍ നിയമലംഘനമുണ്ടായോ എന്ന് പരിശോധന നടത്തുകയായിരുന്നു.അത് ഏതെങ്കിലും ഒരു വ്യക്തിയുടെ മിടുക്കല്ല. സര്‍ക്കാരിന്റ നയമാണ്. UDFഅല്ല LDF. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ വെന്റിലേറ്ററിലായ UDFന് ഉത്തേജക മരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുന്നത് LDFന്റ രാഷ്ട്രീയമല്ല ; UDFന് ആഹ്ലാദം നല്‍കുന്നത് തന്നെയാണ്. ബഹിഷ്‌കരണം ആര്‍ക്കാണ് പ്രയോജനം ചെയ്തത്? എന്തായാലും LDFനല്ല.

മന്ത്രിയാകുന്നത് അതത് പാര്‍ട്ടികള്‍ തീരുമാനിച്ചു തന്നെയാണ്. മന്ത്രിസഭാ യോഗത്തില്‍ പന്‍കെടുക്കുന്നതും പന്‍കെടുക്കാത്തതും പാര്‍ട്ടി തീരുമാനം അനുസരിച്ചല്ല. അത് ഭരണ ഘടനാ ബാധ്യതാണ്. മന്ത്രിയെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്. കൂട്ടുത്തരവാദിത്വം എല്ലാ മന്ത്രിമാര്‍ക്കും ഒരു പോലെ ബാധകമാണ്.

കത്തല്ല, കൂടിയാലോചനയാണ് വേണ്ടത്. കൂടിയാലോചനക്ക് മുന്‍കൈ എടുക്കേണ്ടത് അസാധാരണ നടപടി എടുക്കും മുന്‍പ് ബന്ധപ്പെട്ടവരുമാണ്. ബഹിഷ്‌കരണം പരിഹാരമല്ല. വര്‍ഗീയതക്കും ആഗോള വല്‍ക്കരണത്തിനും എതിരെ പൊരുതാനും മതനിരപേക്ഷ വികസിത കേരളം സൃഷ്ടിക്കാനാണ് ജനങ്ങള്‍ LDFനെ വിജയിപ്പിച്ചത്. ഭരണമികവിന് ഇന്ത്യ ടുഡേ പുരസ്‌കാരം നേടാന്‍ കഴിഞ്ഞത്, ബഹിഷ്‌കരിച്ചത് കൊണ്ടല്ല; കൂട്ടായ്മ പരിശ്രമത്തിലൂടെയാണ്. വിവാദമല്ല , വികസനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

– എം വി ജയരാജന്‍

Top