കൊച്ചി: കേരള കോണ്‍ഗ്രസ് ബിജെപി മുന്നണിയില്‍ ചേരുന്നതിനെ മതേതര കേരളം എതിര്‍ക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഒടുങ്ങാന്‍ തുടങ്ങുന്നതിന്റെ സൂചനയായി വേണം കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടുവന്നതിനെ കാണാനെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ അപ്രസക്തമാകുന്ന കേരള കോണ്‍ഗ്രസ് എന്ന ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കെ.എം. മാണിയുടെ കക്ഷി ബിജെപി മുന്നണിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. അധികാരത്തിലെത്താന്‍ വേണ്ടി ആരെയും ചുമക്കുന്ന മുന്നണിയാണ് എന്‍ഡിഎ. പക്ഷേ, കേരളത്തിന്റെ മതേതരരാഷ്ട്രീയ പാരമ്പര്യത്തിനുനേരേ നടത്തുന്ന ഒരു വെല്ലുവിളിയായിരിക്കും കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് ബിജെപി മുന്നണിയില്‍ ചേരുന്നത്. അതിനെ അതിശക്തമായ രാഷ്ട്രീയപ്രചാരണത്തിലൂടെ മതേതരകേരളം നേരിടണമെന്നും ബേബി പറയുന്നു.
കെ. കരുണാകരനും എ.കെ. ആന്റണിയും കേരളത്തിലെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്തെ കോണ്‍ഗ്രസിന്റെ ഒരു ആവശ്യമെന്നു വേണമെങ്കില്‍ കേരളാ കോണ്‍ഗ്രസിനെ പറയാം. പ്രത്യക്ഷത്തില്‍ മതേതരവാദിയായ എ.കെ. ആന്റണിക്ക് മധ്യകേരളത്തിലെ ക്രിസ്ത്യന്‍വര്‍ഗീയ രാഷ്ട്രീയത്തിന്റെ നായകത്വം ഏറ്റെടുക്കുക ദുഷ്‌കരമായിരുന്നു.എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ ചാണ്ടിയിലെത്തിയ കഴിഞ്ഞ പതിറ്റാണ്ടില്‍ കോണ്‍ഗ്രസിന്റെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളാ കോണ്‍ഗ്രസ്സിന്റെ മധ്യസ്ഥതയില്ലാതെ തന്നെ ക്രിസ്ത്യന്‍ വര്‍ഗീയ പ്രീണനത്തിന് മടിയില്ലാത്ത ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയം കേരളാ കോണ്‍ഗ്രസിനെ അപ്രസക്തമാക്കി. ഇന്നത്തെ പ്രതിസന്ധികളുടെ ഒരു കാരണമിതാണ്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയത്തില്‍ തീരേ പ്രസക്തിയില്ലാത്ത കേരളാ കോണ്‍ഗ്രസിനെ ഒരു സ്വാഭാവിക മരണത്തിനുവിടുകയാണ് ഇനി വേണ്ടതെന്നും ബേബി ലേഖനത്തില്‍ വിശദമാക്കുന്നു.