ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം: എം എ ബേബി

തിരുവനന്തപുരം: പുതിയതായി നിർമിക്കുന്ന പാർലമെന്റിന് മുകളിലെ അശോക സ്തംഭ വിവാ​ദത്തിൽ രൂക്ഷ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിൻറെ വികലപകർപ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണ്. ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരനായകർ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലെന്നും എംഎ ബേബി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു. അർത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണ്. ഇന്ത്യൻ പാർലമെന്റിനുമുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാൽ കഴിയും വേഗം ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണമെന്നും അദ്ദേഹം അഭിപ്രാ‌യപ്പെ‌ട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം!
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിൻറെ വികലപകർപ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണ്. ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരനായകർ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലിത്. കലാചാതുരിയില്ലാത്ത ഈ വികലശില്പം, അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു. അർത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണ്.
സ്വേച്ഛാധിപത്യവും ഹിംസയും കലയെ ഉല്പാദിപ്പിക്കില്ല. മനുഷ്യപ്രതിഭയുടെ സ്വച്ഛസ്വാതന്ത്ര്യമേ കലയുടെ പ്രസൂതികളാവൂ എന്നത് ആർഎസ്എസുകാർക്ക് മനസ്സിലാവുന്ന കാര്യമല്ല. ഇന്ത്യൻ പാർലമെന്റിനുമുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാൽ കഴിയും വേഗം ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം.

Top