സി.പി.എമ്മിനെ സ്‌നേഹിക്കുന്നവര്‍ക്കും കെ റെയിലിനെ കുറിച്ച് ആശങ്കയുണ്ടെന്ന് എം എ ബേബി

കാസര്‍കോട്: സി.പി.എമ്മിനെ സ്‌നേഹിക്കുന്നവര്‍ക്കും കെ റെയിലിനെ കുറിച്ച് ആശങ്കയുണ്ടെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അതുകൂടി പരിഹരിച്ചേ മുന്നോട്ടുപോകൂ. പുതിയ ചരിത്രം കേരളത്തില്‍ ഉണ്ടാകുന്നു. ഇതുവരെ ഇന്ത്യയിലുണ്ടായ കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ പിഴവ് തിരിച്ചറിഞ്ഞു തിരുത്തിക്കൊണ്ടാണ് കേരളത്തിലെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

രണ്ടാം തവണയും ഭരണം കിട്ടിയതില്‍ അഹങ്കരിക്കുന്നില്ലെന്നും എം എ ബേബി പറഞ്ഞു. ശാസ്ത്രീയമായ രീതി പിന്തുടര്‍ന്നാണ് സമ്മേളനം ചേരുന്നത്. കോവിഡിനെ എങ്ങനെ നേരിടാം എന്നതിനെ സംബന്ധിച്ച് പല രീതിയില്‍ ലോകത്ത് ചര്‍ച്ച നടക്കുന്നുണ്ട്. ചിലര്‍ പറയുന്നു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ് പരിഹാരമെന്ന്. ചിലര്‍ പറയുന്നു മാസ്‌കും വേണ്ട അടച്ചുപൂട്ടലും വേണ്ടെന്ന്. എന്നാല്‍ ശാസ്ത്രീയമായ പരിഹാരം വാക്‌സിനേഷനും പ്രതിരോധവുമാണ്.

കേരളമാണ് രാജ്യത്ത് വാക്‌സിനേഷന്‍ വിതരണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞെന്നും എം എ ബേബി പറഞ്ഞു.

ചൈനീസ് വിഷയം ആണ് ചില മനോരോഗികള്‍ സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത്. പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താന്‍ ചൈന ഇനിയും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ചില വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് പിണറായി എസ്ആര്‍പി പോരായി ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു.

ലോകത്തിലെ എതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചാല്‍ അതിനെ സി.പി.എം വിമര്‍ശിക്കും. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിമര്‍ശിച്ചിട്ടുണ്ട്. സ്വയം വിമര്‍ശനം നടത്തുന്ന പാര്‍ട്ടിയാണ് ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും എം എ ബേബി പറഞ്ഞു.

ബി.ജെ.പി ഭരണം അവസാനിപ്പിച്ചു എന്നത് കൊണ്ട് മാത്രം വര്‍ഗീയത അവസാനിക്കില്ല. ഇന്ത്യയില്‍ ആര്‍.എസ്.എസ് പടര്‍ത്തിയ വിഷം ഇല്ലാതാക്കണമെങ്കില്‍ വര്‍ഷങ്ങളുടെ പോരാട്ടം നടത്തണം. രാഹുല്‍ ഗാന്ധിയുടെ ഹിന്ദു രാജ്യ പരാമര്‍ശം ആര്‍.എസ്.എസിന്റെ നിലപാടിനു വെള്ളവും വളവും നല്‍കുന്നതാണ്. നെഹ്‌റുവിന്റെ നിലപാടിനെ തള്ളിപ്പറയുകയാണ് അദ്ദേഹം ചെയ്തത്. നെഹ്‌റുവിനെ വായിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണം. അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കില്‍ സഹായികള്‍ വായിക്കണം. വര്‍ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലെന്നും എം എ ബേബി കുറ്റപ്പെടുത്തി.

Top