ന്യൂഡൽഹി : കേരളത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമായി നിലനിർത്തുന്നതിൽ വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ച നല്ല ആശയങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. രാജ്യത്തെ ത്രസിപ്പിക്കുകയും മുന്നോട്ടുനയിക്കുകയും ചെയ്‌ത പോരാട്ടങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് വൈക്കം സത്യഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന്റെ 100–-ാം വാർഷികത്തോടനുബന്ധിച്ച് ജനസംസ്‌കൃതി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹർകിഷൻ സിങ് സുർജിത് ഭവൻ ഹാളിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ സെമിനാർ ഉദ്‌ഘാടനം ചെയ്‌തു. മനുഷ്യന്റെ അന്തസ് നിലകൊള്ളുന്നത് ജാതിബോധത്തിൽ അധിഷ്‌ഠിതമായല്ലെന്ന് തെളിയിക്കാൻ വൈക്കം സത്യഗ്രഹം വഴി സാധിച്ചുവെന്ന് ശൈലജ പറഞ്ഞു. ബിനോയ് വിശ്വം എംപി, എസ് ഗോപാലകൃഷ്‌ണൻ, ഡോ. രതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഡോ. ജസ്‌റ്റിൻ മാത്യു മോഡറേറ്ററായി.