കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആർഎസ്എസിന്റെയും ബിജെപിയുടെയും ഗൂഢപദ്ധതിയാണ് ഏക സിവിൽകോഡിന് പിന്നിലെന്ന് സിപിഐ എം പിബി അംഗം എം എ ബേബി പറഞ്ഞു.
വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ജീവൽപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം. ഏക സിവിൽകോഡിനെതിരെ എൻ എസ് പഠനഗവേഷണകേന്ദ്രം സി കേശവൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുസിസി എന്ന് മോദിയും ബിജെപിയും പറയുമ്പോൾ യൂണിഫോം സിവിൽ കോഡ് എന്നല്ല അർഥമാക്കുന്നത്.
അഗ്ളി, അൾട്ടീരിയർ കമ്യൂണൽ ക്രിമിനൽ പ്രോജക്ട് എന്നാണ് വിപുലീകരണം. അത്രയും വൃത്തികെട്ടതും ഭയാനകുമായ ക്രിമിനൽ പദ്ധതിയാണ് അവർ ലക്ഷ്യമിടുന്നത്. വർഗീയ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ ഗാന്ധിയെ വെടിവച്ചുകൊന്ന തോക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ആ തോക്കിൽനിന്ന് ഇപ്പോൾ പുറപ്പെട്ടിരിക്കുന്ന ഭയനാകമായ വെടിയുണ്ടയാണ് ഏകീക-ൃത സിവിൽകോഡ്.
മുസ്ലിം സമുദായത്തിലെ സ്ത്രീകളെ രക്ഷിക്കാനാണ് താൻ അവതരിച്ചിക്കുന്നതെന്നാണ് മോദി പറയുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന ഗുജറാത്തിലെ കൂട്ടക്കുരുതി മുസ്ലിം സ്ത്രീകളെ സംരക്ഷിക്കുന്നതായിരുന്നോ. സ്ത്രീകളെ സംരക്ഷിക്കാനാണെങ്കിൽ വനിതാ സംവരണബിൽ പാസാക്കാൻ ആദ്യം നടപടിയെടുക്കണം.
സിആർപിസി രാജ്യത്ത് എല്ലായിടത്തും ഒരുപോലെയാണെന്ന് ഏകീകൃത സിവിൽകോഡിനായി വാദിക്കുന്നവർ പറയുന്നത്. എന്നാൽ ,ഇന്ത്യക്ക് മുഴുവൻ ബാധകമായ ഒറ്റ സിആർപിസി അല്ല ഇന്ന് നിലവിലുള്ളതെന്നാണ് യാഥാർഥ്യം.ഹിറ്റ്‍ലർ നടപ്പാക്കിയ വെറുപ്പിന്റെ പദ്ധതികൾക്ക് സമാനമാണ് ആർഎസ്എസും ബിജെപിയും നടപ്പാക്കുന്നത്. മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. അത് അവസാനിപ്പിക്കാൻ ഒരുവാചകം പോലും പറയാതെ മോദി വിദേശയാത്ര നടത്തുകയാണ്. സിപിഐ എമ്മോ ഇ എം എസോ അന്ന് പറഞ്ഞതിലും അടിസ്ഥാനപരമായ വ്യത്യാസമില്ല. മാറ്റങ്ങൾ കൊണ്ടുവരുന്നത് ഏകപക്ഷീയമാകരുത്. അതത് സമുദായത്തെ വിശ്വാസത്തിലെടുത്ത് ബോധവൽക്കരിച്ച് അഭിപ്രായസമന്വയമുണ്ടാക്കിവേണം നടപ്പാക്കാനെന്നും ബേബി പറഞ്ഞു.
ഏക സിവിൽ കോഡിനെതിരെ കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ സെമിനാറിനെ ഇകഴ്ത്തി സംസാരിച്ച കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപിയുടെ പ്രതികരണം ദുഖകരമാണ്. രാജ്യം അതീവ ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള പ്രസ്‌താവനകൾക്കല്ല മുൻതൂക്കം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.