താന്‍ സിനിമയില്‍ നിന്ന് വിട്ടു നിന്നതിന് ശേഷം മലയാള സിനിമയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നടി മാതു. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം തെറ്റായിപ്പോയി. തിരിച്ചുവരവില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും മാതു പറയുന്നു. 19 വര്‍ഷങ്ങള്‍ക്ക് ശേഷം ‘അനിയന്‍ കുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിലൂടെയാണ് മാതു തിരിച്ച് വരുന്നത്.
ദൈവം നല്‍കുന്ന സമ്മാനമാണ് സിനിമയും അഭിനയവുമെല്ലാം. ആ പ്രശസ്തി വിട്ടുപോകുമ്പോള്‍ കുറച്ച് വിഷമം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ സിനിമയെ ഉറ്റുനോക്കിയാണ് ഞാന്‍ അവിടെയും ജീവിച്ചത്. പത്തൊന്‍പത് വര്‍ഷങ്ങളായി ഞാന്‍ സിനിമയില്‍ നിന്ന് വിടപറഞ്ഞിട്ട് എന്ന് വിശ്വസിക്കാനാകുന്നില്ല. മലയാള സിനിമയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതെല്ലാം ഞാന്‍ തിരിച്ചറിയുന്നുവെന്നും മാതു പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പാണ് ‘അനിയന്‍ കുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിലേക്ക് രാജീവ് നാഥ് സാര്‍ എന്നെ വിളിച്ചത്. കഥ കേട്ടപ്പോള്‍ ഇഷ്ടമായി. അഭിനയിച്ചാല്‍ കൊള്ളാമെന്ന് തോന്നി. ഞാന്‍ താമസിക്കുന്നിടത്തുനിന്ന് സിനിമയുടെ ലൊക്കേഷനിലേക്ക് അധികം ദൂരമില്ലായിരുന്നു. കാറോടിച്ചും, ട്രെയിനില്‍ യാത്ര ചെയ്തുമാണ് ലൊക്കേഷനിലെത്തിയത്. പണ്ടൊക്കെ എനിക്കൊപ്പം അമ്മ ലൊക്കേഷനിലേക്ക് വരുമായിരുന്നു. അമ്മ ഒപ്പമില്ലാതെ ഞാന്‍ ഒറ്റയ്ക്ക് പോയി ചെയ്ത ആദ്യ സിനിമയായിരുന്നു ഇത്. ഇപ്പോഴാണ് മുതിര്‍ന്ന പോലെ എനിക്ക് തോന്നിയതെന്നും മാതു പറയുന്നു.
ഭര്‍ത്താവ് എനിക്ക് നല്ല പിന്തുണയാണ് നല്‍കുന്നത്. നിനക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കൂ, എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സിനിമയില്ലാതിരുന്ന പത്തൊന്‍പത് വര്‍ഷം ഞാന്‍ വെറുതെ ഇരുന്നിട്ടില്ല. കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. പ്രീ സ്‌കൂളില്‍ ടീച്ചറാണ്. കൂടാതെ ഞാനിപ്പോള്‍ സൈക്കോളജി വിദ്യാര്‍ഥിനിയാണെന്നും മാതു കൂട്ടിച്ചേര്‍ത്തു.