യുക്രൈനിൽ സമാധാനം പുലരാൻ ചൈനയുമായി യോജിച്ചുപ്രവർത്തിക്കുമെന്ന് മാക്രോൺ

ബെയ്ജിങ്: യുക്രൈനിൽ സമാധാനം പുലരാൻ ചൈനയുമായി യോജിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ. മൂന്നുദിവസത്തെ സന്ദർശനത്തിനായി ബെയ്ജിങ്ങിലെത്തിയ മാക്രോണും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും ചൈനീസ്‌ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.

യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക സഹകരണവുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. യുക്രൈൻയുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സ്വാധീനം ചെലുത്തണമെന്നും അടുത്ത സുഹൃത്തായ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും മാക്രോൺ ഷിയോട് ആവശ്യപ്പെട്ടു. “രാജ്യങ്ങളുടെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന യു.എൻ. നിയമങ്ങൾ യുക്രൈനിൽ ലംഘിക്കപ്പെട്ടിരിക്കുകയാണ്. അധിനിവേശം മേഖലയിലെ സമാധാനവും സുരക്ഷയും ഇല്ലാതാക്കി. പ്രതിസന്ധി പരിഹരിക്കാൻ പൊതുവഴി സ്വീകരിക്കണം”- മാക്രോൺ വ്യക്തമാക്കി.

യുക്രൈനിൽ സാമാധാനശ്രമങ്ങൾ ഊർജിതമാക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ചൈന അതിനായുള്ള ചർച്ചകളിൽ എല്ലാ രാജ്യങ്ങളെയും പങ്കെടുപ്പിക്കണമെന്ന് മാക്രോൺ ആവശ്യപ്പെട്ടു. സമാധാനം പുലരേണ്ടത് ചൈനയെയും ഫ്രാൻസിനെയും യൂറോപ്പിനെയും സംബന്ധിച്ച് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് പ്രധാനമന്ത്രി ലി കച്ചിയാങുമായി നടത്തിയ കൂടിക്കാഴ്ചയിലും യുക്രൈൻ വിഷയത്തിന് പരിഹാരം കാണാൻ മാക്രോൺ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, മാക്രോണുമായുള്ള ചർച്ചയിൽ റഷ്യയെക്കുറിച്ചോ പുതിനെക്കുറിച്ചോ ഷി പരാമർശിച്ചില്ല. നയതന്ത്രബന്ധങ്ങളിൽ ഫ്രാൻസുമായി സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. യുക്രൈൻ വിഷയത്തിൽ നീതിയുക്തമായ നിലപാടാണ് ചൈന സ്വീകരിച്ചുവരുന്നതെന്നും സമാധാനശ്രമങ്ങൾ തുടരുമെന്നും ചൈനീസ്‌ വിദേശകാര്യവക്താവ് മാവോ നിങ് അറിയിച്ചു.

കഴിഞ്ഞ മാസം നടത്തിയ റഷ്യാ സന്ദർശനത്തിനിടെ യുക്രൈൻ യുദ്ധത്തിന് പരിഹാരംകാണാൻ പുതിനോട് ഷി ആവശ്യപ്പെട്ടിരുന്നു. റഷ്യയുമായി അടുത്ത സൗഹൃദം പുലർത്തുന്ന രാജ്യമാണ് ചൈന. യുക്രൈൻ വിഷയത്തിൽ ഒരു ഘട്ടത്തിൽപ്പോലും റഷ്യയെ അപലപിക്കാൻ ചൈന തയ്യാറായിട്ടില്ല. പക്ഷേ, യുദ്ധം അവസാനിപ്പിക്കാൻ 12 നിർദേശങ്ങളടങ്ങിയ കരടുമാർഗനിർദേശം ചൈന മുന്നോട്ടുവെക്കുകയുണ്ടായി. എന്നാലിത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി യുക്രൈൻ അംഗീകരിച്ചിരുന്നില്ല.

Top