മികച്ച നവാഗത സംവിധായകനുള്ള ‘മാക്ട സദാനന്ദ പുരസ്‌കാരം’ സക്കരിയയ്ക്ക്

മികച്ച നവാഗത സംവിധായകനുള്ള പ്രഥമ മാക്ട സദാനന്ദ പുരസ്‌കാരം പ്രഖ്യാപിച്ചു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലൂടെ മലയാളി ഹൃദയം കീഴടക്കിയ സംവിധായകന്‍ സക്കരിയ ആണ് പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. പതിനായിരത്തിയൊന്ന് രൂപയും മൊമെന്റോയും അടങ്ങുന്നതാണ് മാക്ട സദാനന്ദ പുരസ്‌കാരം. നവംബര്‍ മൂന്നിന്, മാക്ടയുടെ വിമെന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിന്റെ സമാപന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സകരിക്ക് സമ്മാനിക്കും.

മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ എന്ന സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ട ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഏറ്റവും മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടുന്ന വ്യക്തിയ്ക്കാണ് മാക്ട സദാനന്ദ പുരസ്‌കാരം ലഭിക്കുക എന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കുന്നു.

അടുത്തിടെ അന്തരിച്ച പള്ളുരുത്തി അക്കേരി പറമ്പില്‍ എ ആര്‍ സദാനന്ദ പ്രഭുവിന്റെ ഓര്‍മ്മയ്ക്കായി മകന്‍ എ.എസ് ദിനേശ് ആണ് സദാനന്ദ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തേക്കുള്ള പുരസ്‌കാര തുക എ.എസ് ദിനേശ്, മാക്ട ചെയര്‍മാന്‍ ജയരാജ്,സെക്രട്ടറി സുന്ദര്‍ദാസ് എന്നിവര്‍ക്ക് കൈമാറി.

ഇരുപത്തിയഞ്ച് വര്‍ഷമായി ചലച്ചിത്ര പത്രപ്രവര്‍ത്തന രംഗത്തുള്ള ഫിലിം പി.ആര്‍.ഒ ആണ് എ.എസ് ദിനേശ്. കൂടാതെ മാക്ടയുടെ ട്രഷററും മലയാളം സിനി ടെക്‌നീഷ്യന്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും കൂടിയാണ്.

Top