അന്റാനനാരിവോ : മഡഗാസ്കർ പ്ലേഗ് ബാധയിൽ മരിച്ചവരുടെ എണ്ണം 124 ആയി റിപ്പോർട്ട്.
ആഫ്രിക്കൻ വൻകരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന രാജ്യത്ത് ആഗസ്റ്റ് മുതൽ വ്യാപകമായി പ്ലേഗ് പടർന്ന് പിടിച്ചിരിക്കുകയാണ്. തലസ്ഥാനമായ ആന്റനാനരിവോയിലും മറ്റു നഗരങ്ങളിലും പകർച്ചവ്യാധി വ്യാപകമായിട്ടുണ്ട്.
1,133 പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതായും ആശുപത്രി വിടുന്നവരുടെ എണ്ണം വർധിക്കുന്നതായും മന്ത്രാലയ ഉദ്യോഗസ്ഥൻ മണിത്ര രാകോടാരിവാനി പറഞ്ഞു.
മഡഗാസ്കറിൽ 1980 മുതൽ എല്ലാ വർഷവും സെപ്റ്റംബർ മുതൽ ഏപ്രിൽ വരെ പ്ലേഗ് ബാധയുണ്ടാകാറുണ്ട്.
ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്ലേഗ് കൂടുതൽ വ്യാപിക്കുമെന്നും, അതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.
1.2 മില്യൺ ആൻറി ബയോട്ടിക്കുകൾ ലോകാരോഗ്യസംഘടന വിതരണം ചെയ്തു.
പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ റെഡ് ക്രോസ് പ്രവർത്തകർക്ക് പരിശീലനം നൽകുന്നുണ്ട്. ഇവർ ദ്വീപിൽ പ്രതിരോധ പ്രവർത്തങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.
റിപ്പോർട്ട് : രേഷ്മ പി.എം