ബംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ അഞ്ചു മണിയോടെ ബെന്‍സണ്‍ ടൗണിലെ വസതിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് യാത്ര തിരിച്ചത്. സേലം, കൊയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ വഴി മഅ്ദനി വൈകിട്ട് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തും.
മെയ് 3 മുതല്‍ 11 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅ്ദനി അപേക്ഷ നല്‍കിയിരുന്നത്.
വ്യാഴാഴ്ച രാവിലെ കേരളത്തിലേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നെങ്കിലും മഅ്ദനിയെ അനുഗമിക്കാനുള്ള സെക്യൂരിറ്റി സംവിധാനം രാത്രി വളരെ വൈകി ലഭിച്ചതാണ് യാത്ര വൈകാന്‍ ഇടയാക്കിയത്. പിന്നീട് സിറ്റി ആംഡ് റിസര്‍വ്(സിഎആര്‍) പോലീസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്നാണ് കേരളത്തിലേക്ക് മടങ്ങാന്‍ മഅ്ദനിക്ക് അവസരമൊരുങ്ങിയത്.