ന്യൂഡല്‍ഹി: ഹൃദ്രോഗ നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത സ്റ്റെന്റുകള്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ളതെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന അതേ ഗുണനിലവാരത്തിലുള്ളതാണ് തദ്ദേശീയമായും ഉണ്ടാക്കുന്നതെന്നാണ് പഠനം വെടിപ്പെടുത്തുന്നത്.
അമേരിക്കയിലെ സാന്റിയാഗോയില്‍ വച്ചു നടന്ന ട്രാന്‍സ് കത്തീടര്‍ ഇന്റര്‍വെന്‍ഷനിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1500 രോഗികളിലാണ് പഠനം നടത്തിയത്. ടാലന്റ് എന്നാണ് സിആര്‍ഒ സംഘടന നടത്തിയ പഠനത്തിന് നല്‍കിയിരിക്കുന്ന പേര്.
ഇന്ത്യന്‍ നിര്‍മ്മിത മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വേണ്ടത്ര ഗുണനിലവാരമില്ല എന്നുള്ള വാദങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുന്നതായിരുന്നു ടാലന്റിലെ കണ്ടെത്തലുകള്‍. ഡല്‍ഹിയില്‍ നിന്നുള്ള പ്രൊഫസര്‍ ഉപേന്ദ്ര കൗള്‍, നെതര്‍ലന്റ്‌സിലെ പാട്രിക് സെറൂയിസ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
ഹൃദയത്തില്‍ രക്ത ഒഴുക്കിന് തടസ്സം നേരിടുന്ന രോഗികളില്‍ ഘടിപ്പിക്കുന്ന ലോഹ നിര്‍മ്മിത ഉപകരണമാണ് സ്റ്റെന്റുകള്‍. രക്ത ചംക്രമണം സുഗമമാക്കാന്‍ ഇതു കൊണ്ട് സാധിക്കും. ക്രോമിയം കൊബാള്‍ട്ട്, പോളിമറുകള്‍ കൊണ്ട് കവചം തീര്‍ത്താണ് ഇത് നിര്‍മ്മിക്കുന്നത്.
ടാലന്റ് റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ നിര്‍മ്മിതവും വിദേശനിര്‍മ്മിതവും ഒരുപോലെ പ്രവര്‍ത്തിക്കുന്നവയാണെന്നും സുരക്ഷയുടെ കാര്യത്തിലും മികവ് പുലര്‍ത്തന്നവയാണെന്നും വ്യക്തമാക്കുന്നു. ശാസ്ത്രീയവും എന്നാല്‍ നിഷ്പക്ഷവുമായ കൂടുതല്‍ ഗവേഷണങ്ങള്‍ ഈ രംഗത്ത് വേണമെന്ന് പ്രൊഫസര്‍ കൗള്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ സ്റ്റെന്റുകള്‍ക്ക് 85 ശതമാനം വിലകുറച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ആറ് മാസം നീണ്ടു നിന്ന നടിപടികള്‍ക്കൊടുവിലായിരുന്നു ഈ നീക്കം. ദേശീയ ഔഷധവില നിയന്ത്രണ സമിതിയുടെ ഉത്തരവ് പ്രകാരം നികുതികള്‍ക്ക് പുറമേ 29,600 രൂപയാണ് സറ്റെന്റുകളുടെ വില. ഇതോടെ ഹൃദ്രോഗ ചികിത്സയായ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വരുന്ന ചെലവില്‍ വിപ്ലവകരമായ കുറവാണ് ഉണ്ടായത്. ഇപ്പോള്‍ ഉല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര ഗുണനിലവാരവും തെളിയിക്കപ്പെട്ടതോടെ വലിയ സാമ്പത്തിക ലാഭമാണ് ഇന്ത്യയ്ക്ക് ഉണ്ടാവുക.
രാജ്യത്ത് ജീവിത ശൈലി രോഗങ്ങള്‍ മൂലം ഹൃദ്രോഗ ബാധിതരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം ക്രമാതീതമായ വര്‍ധനവാണ് ഉണ്ടാകുന്നത്. എന്നാല്‍ സ്റ്റെന്റുകളെ ജീവന്‍ രക്ഷാ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ ഈടാക്കുന്ന ആശുപത്രികളുടെ കീഴ് വഴക്കങ്ങള്‍ക്ക് തടസ്സം നേരിട്ടിരുന്നു.