ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനകം തയ്യാറാകുമെന്ന് ബയോക്കോണ്‍ സഹസ്ഥാപകയും മാനേജിങ് ഡയറക്ടറുമായ കിരണ്‍ മജൂംദാര്‍ ഷാ.
ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ ഒരു വര്‍ഷത്തിനകം ലഭിക്കുമെന്നും വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ വ്യത്യസ്തവും നൂതനവുമായ രണ്ട് മൂന്ന് ചെറുകിട കമ്പനികളേര്‍പ്പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ ഇവരുടെ പ്രവര്‍ത്തനം വലിയ കമ്പനികളുമായി ചേര്‍ന്ന് പുരോഗമിക്കുകയാണെന്നും ഒരു പ്രത്യേക അഭിമുഖത്തില്‍ മജൂംദാര്‍ പറഞ്ഞു.
‘ഞങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് ധനസഹായം നല്‍കാനും സാധിക്കും. വാക്‌സിന്‍ വികസിപ്പിച്ചെടുത്താല്‍ ആളുകളില്‍ ആത്മവിശ്വാസമേറും. അതോടെ പകര്‍ച്ചവ്യാധിയുമായി ചുറ്റിപറ്റിയുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
റെംഡിസിവിര്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തുടങ്ങിയ മരുന്നുകളെ കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കോവിഡിന് വലിയ പരിഹാരമുണ്ടാക്കാന്‍ ഇവയ്ക്കായിട്ടില്ല.’ എല്ലാവരും കരുതുന്നതുപോലെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അത്ഭുതമരുന്നല്ലെന്ന് ഒരുപാട് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും മജൂംദാര്‍ പറഞ്ഞു.
അതേസമയം, പ്ലാസ്മ തെറാപ്പിക്കായി ഇന്ത്യ തയ്യാറാകേണ്ടതുണ്ടെന്നും ഇത് കോവിഡ് ചികിത്സയില്‍ ഫലപ്രദമാണെന്നും മജൂംദാര്‍ കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് ഫ്‌ളു കാലത്ത് ഉപയോഗിച്ച ചികിത്സാ രീതിയാണ് പ്ലാസ്മ തെറാപ്പി.