ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സ് മെയ്ഡ് ഇന്‍ ഇന്ത്യ ജിഎല്‍സി എസ്.യു.വി അമേരിക്കയിലേക്ക് കയറ്റി അയക്കാനൊരുങ്ങുന്നു. കമ്പനിയുടെ പുനെ ചാകനിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് എസ്യുവി കയറ്റി അയക്കുന്നത്. ജിഎല്‍സി അടുത്ത മാസത്തോടെ അമേരിക്കന്‍ തീരത്തെത്തുമെന്നാണ് സൂചന.
ട്രംപ് ഭരണകൂടം ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഘട്ടത്തിലാണ് ഇന്ത്യയില്‍ നിന്ന് കാറുകള്‍ അമേരിക്കയിലെത്തുന്നത്. നോര്‍ത്ത് അമേരിക്കയിലെ അലബാമയില്‍ ബെന്‍സിന് നിര്‍മാണ കേന്ദ്രമുണ്ടെങ്കിലും ജിഎല്‍സി അവിടെനിന്നും പുറത്തിറക്കാന്‍ കമ്പനിക്ക് പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ട്.
2009ലാണ് ബെന്‍സ് പുനെയിലെ നിര്‍മാണ കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ നിന്നും വര്‍ഷംതോറും 20,000 യൂണിറ്റ് വാഹനങ്ങള്‍ പുറത്തിറക്കാന്‍ സാധിക്കും. രാജ്യത്തെ ആഡംബര വാഹന നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ കപ്പാസിറ്റിയുള്ളതും ഈ കേന്ദ്രത്തിലാണ്.