കൊച്ചി: ജനാധിപത്യപരമായി ഏറെ പുരോഗമിച്ച സംസ്ഥാനമാണു കേരളം. മികച്ച സര്‍ക്കാരാണു കേരളത്തിലേത്. എന്നിട്ടും ജനജീവിതം സംരക്ഷിക്കാനുള്ള പഞ്ചായത്തുകളുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.മാധവ് ഗാഡ്ഗില്‍. എത്രയും പെട്ടെന്ന് ആ അധികാരം പഞ്ചായത്തുകള്‍ക്കു വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
പാറമട വേണോ വ്യവസായം വേണോയെന്നു തീരുമാനിക്കേണ്ടതു ഗ്രാമസഭകളാണെന്നും അദ്ദേഹം പറഞ്ഞു. ദ് വീക്ക് ‘മാന്‍ ഓഫ് ദ് ഈയര്‍’ പുരസ്‌കാരം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ.ശ്രീധരനില്‍ നിന്നു സ്വീകരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപങ്കാളിത്തത്തോടെ എടുക്കുന്ന തീരുമാനങ്ങള്‍ മാത്രമേ ഉചിതമായ തീരുമാനങ്ങള്‍ ആകൂ. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്നു താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പല വഴിക്കു പോകുന്ന ഒട്ടേറെ സ്ഥാപിത താല്‍പര്യങ്ങളുണ്ടായിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഏറെ അന്തരമുള്ള രാജ്യമാണിത്. അവിടെ ഇത്തരമൊരു റിപ്പോര്‍ട്ട് എളുപ്പം സ്വീകരിക്കപ്പെടുമെന്നു കരുതാനാവില്ല.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ഒരു നിര്‍ദേശം പോലും വസ്തുതാ വിരുദ്ധമോ യുക്തിരഹിതമാണെന്നോ ആരും വിമര്‍ശിച്ചിട്ടില്ല. ഒരു നിര്‍ദേശവും ഭരണഘടനാവിരുദ്ധമോ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കു വിരുദ്ധമോ ആണെന്ന് ആരും പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് ശാസ്ത്രമാണ്. ശാസ്ത്രം എപ്പോഴും പൂര്‍ണമായും നിഷ്പക്ഷവുമാണ് അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ 2018 ലും 2019 ലും കേരളത്തില്‍ മഹാപ്രളയം ഉണ്ടാകുമായിരുന്നില്ലെന്നു ഇ.ശ്രീധരന്‍ പറഞ്ഞു.
വികസനവും പ്രകൃതി സംരക്ഷണവും ഒരുമിച്ചു പോകില്ലെന്നാണു പലരുടെയും ധാരണ. യഥാര്‍ഥത്തില്‍ അങ്ങനെയല്ല. കൊങ്കണ്‍ റെയില്‍വേയ്ക്കു വേണ്ടി ഒട്ടേറെ വൃക്ഷങ്ങള്‍ മുറിക്കേണ്ടിവന്നു. ആരുടെയും സമ്മര്‍ദമോ പ്രക്ഷോഭമോ ഉണ്ടായില്ലെങ്കിലും മുറിച്ച ഒരു വൃക്ഷത്തിനു പകരം 10 വൃക്ഷത്തൈകള്‍ നടുകയാണു തങ്ങള്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.