മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍. മഞ്ജിത് താപ് എന്ന കലാകാരനാണ് ഡൂഡില്‍ തയാറാക്കിയിരിക്കുന്നത്. വനിതകളുടെ ലോകത്തേക്ക് ജാലകം തുറന്നു നല്‍കിയ വ്യക്തിത്വമെന്ന വിശേഷണത്തോടെയാണ് ഗൂഗിള്‍ മാധവിക്കുട്ടിയെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. 1934 മാര്‍ച്ച് 31നു ജനിച്ച അതുല്യ എഴുത്തുകാരി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികള്‍ കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ രചിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്.
ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു മാധവിക്കുട്ടി. 1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തിരുന്നു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാന്‍ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവിയും മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും പറയുന്നു. 2009 മേയ് 31 ന് മാധവിക്കുട്ടി ഈ ലോകത്തോട് വിട പറഞ്ഞു.