പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
നിരന്തരമായി സാക്ഷികൾ മൊഴിമാറ്റുന്നതിനെ തുടർന്നാണ് കോടതി നടപടി. ഇതുമൂലം പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതിൽ നിന്ന് പിന്തിരിയുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഈ കോടതി വിധിയെ സ്വാഗതം ചെയ്ത് മധുവിന്റെ കുടുംബം. തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും മധുവിന്റെ അമ്മ നന്ദി പറഞ്ഞു.