തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. സംഭവത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ദേശീയ പട്ടിക ജാതി പട്ടിക വികസന കമ്മീഷന്‍ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്മീഷന്റെ യോഗം ഇന്ന് വൈകുന്നേരം കൂടുമെന്നും കമ്മീഷന്‍ ഉപാദ്ധ്യക്ഷ അനസൂയ ഒയ്കി അറിയിച്ചു. കൂടാതെ കമ്മീഷന്‍ അംഗങ്ങള്‍ തിങ്കളാഴ്ച സംസ്ഥാനത്തെത്തുമെന്നും അവര്‍ പറഞ്ഞു. നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് പട്ടികജാതി പട്ടിക വികസന കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്.മാവോജി അറിയിച്ചു.
അതേസമയം, സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഇതിനായി മണ്ണാര്‍ക്കാട് തഹസില്‍ദാരെ ചുമതലപ്പെടുത്തി. മന്ത്രി ശനിയാഴ്ച അട്ടപ്പാടി സന്ദര്‍ശിക്കും. എല്ലാ പ്രതികളെയും നാളെയോടെ പിടിക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മധുവിന്റെ കുടുംബത്തെ സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.