മധുവിന്റെ കൊലപാതകം; എട്ടു പേര്‍ അറസ്റ്റില്‍; കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തും

madhu murder

പാലക്കാട്: ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ എട്ടു പേരെ അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. നേരത്തെ, അസ്വാഭാവിക മരണത്തിനായിരുന്നു പൊലീസ് കേസെടുത്തിരുന്നത്.

കാട്ടില്‍ അതിക്രമിച്ച് കയറല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കസ്റ്റഡിയിലുള്ളവരുടെ തന്നെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തൃശൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, ആന്തരീക രക്തസ്രാവം മൂലമാണ് മധു മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റാണ് മധു കൊല്ലപ്പെട്ടത്. മോഷണ ശ്രമം ആരോപിച്ചാണ് അട്ടപ്പാടി മുക്കാലിയില്‍ 27കാരനായ മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്.

Top