മധുവിന്റെ മരണം; 11 പേര്‍ അറസ്റ്റില്‍,സംഭവത്തില്‍ നാലുപേര്‍ കൂടി അറസ്റ്റിലാകുമെന്ന് സൂചന

madhu-dath

പാലക്കാട്: ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസില്‍ പതിനൊന്ന് പേരെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ ഇനി നാലു പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമം അടക്കം ഏഴ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തുമെന്നും തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാര്‍ അറിയിച്ചു. കൊലപാതകം കൈയ്യബദ്ധമല്ലെന്നും ആസൂത്രിതം തന്നെയാണെന്നും ഐജി പറഞ്ഞു

ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്ന് മരിക്കുന്നതിന് മുന്‍പ് മധു പൊലീസിനു മൊഴി നല്‍കിയിരുന്നു. കള്ളനെന്ന് പറഞ്ഞാണ് സംഘം തന്നെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തതെന്ന് മധുവിന്റെ മൊഴിയില്‍ പറയുന്നു

അതേസമയം, മധു മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരീക രക്തസ്രാവം മൂലമാണെന്നും, നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ മധുവിന്റെ നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

തൃശൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കടുകുമണ്ണയിലെ മൂക്കാലിയില്‍ മധു മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. അരി മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു നാട്ടുകാര്‍ മധുവിനെ മര്‍ദ്ദിച്ചത്.

Top