കോവിഡിനേക്കാള്‍ ഭീകരമായ കീടാണുക്കൾ, ഈ മത ഭ്രാന്തൻമാരെ ഒറ്റപ്പെടുത്തിയേ മതിയാവു

ടന്‍ ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മിന്നല്‍മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധിപേരാണ് എത്തുന്നത്. ഇപ്പോഴിതാ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടിയും നടനും എഴുത്തുകാരനും സംവിധാനകനുമായ മധുപാലും.

ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെയാണ് നശിപ്പിച്ചതെന്നും ഈ കോവിഡ് കാലത്തും അതിനേക്കാള്‍ ഭീകരമായ കീടാണുക്കള്‍ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ കൃത്യമെന്നും മധുപാല്‍ പറയുന്നു. ഈ മത ഭ്രാന്തന്മാരെ ഒറ്റപ്പെടുത്തണമെന്ന് ഹരീഷ് പേരടിയും പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രതികരണം അറിയിച്ചത്.

കാലടി മണപ്പുറത്ത് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച പള്ളിയുടെ സെറ്റാണ് രാഷ്ട്രീയ ബജ്രംഗ്ദള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

മധുപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാർത്ഥമായ പ്രവർത്തനത്തെയാണ് നശിപ്പിച്ചത്. ഈ കോവിഡ് കാലത്തും അതിനേക്കാൾ ഭീകരമായ കീടാണുക്കൾ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ കൃത്യം. മിന്നൽ മുരളി എന്ന ചിത്രത്തിനു വേണ്ടി നിർമ്മിച്ച സെറ്റാണ് ഇല്ലാതാക്കപ്പെട്ടത്. കലാപരമായ പ്രവർത്തനങ്ങളെ തിരിച്ചറിയാനാവാത്തവർക്കെതിരെ പ്രതികരിക്കേണ്ടത് ബോധമുള്ള മനുഷ്യരാണ്.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ മത ഭ്രാന്തൻമാരെ ഒറ്റപ്പെടുത്തിയേ മതിയാവു…ഈ വിഷജന്തുക്കളെ അഴിഞ്ഞാടാൻ അനുവദിക്കരുത്…ഇത് കേരളമാണ്…ഏല്ലാ ജനാധിപത്യ വാദികളുംപ്രതിഷേധിക്കുക…മിന്നൽ മുരളിയോടൊപ്പം….

Top