ലുക്മാനെയും ചെമ്പന്‍ വിനോദിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ചിത്രം അഞ്ചക്കള്ളകോക്കാനെ പ്രശംസിച്ച് സംവിധായകനും നടനുമായ മധുപാല്‍. അസാധ്യ കൈയ്യൊതുക്കത്തിലൂടെ ഒരു അത്ഭുത സിനിമ എന്നാണ് അഞ്ചക്കള്ളകോക്കാനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഉല്ലാസ് ചെമ്പനെയും ചെമ്പന്‍ വിനോദിനെയും ലുക്മാന്‍ ഉള്‍പ്പടെയുള്ള എല്ലാ അഭിനേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. സിനിമയില്‍ ജില്ലാപ്പികളായി അഭിനയിച്ച മെറിന്‍, പ്രവീണ്‍ എന്നിവരുടെ പ്രകടനത്തെ മധുപാല്‍ എടുത്ത് പരാമര്‍ശിച്ചു.
1980-കളുടെ അവസാനം പശ്ചാത്തലമാക്കി കേരള കര്‍ണാടക അതിര്‍ത്തിയിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാന്‍. ലുക്മാനും ചെമ്പന്‍ വിനോദിനും പുറമെ മണികണ്ഠന്‍ ആചാരി, മെറിന്‍ ഫിലിപ്പ്, മേഘാ തോമസ്, ശ്രീജിത്ത് രവി, സെന്തില്‍ കൃഷ്ണ, പ്രവീണ്‍ ടി ജെ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഉല്ലാസ് ചെമ്പനും വികില്‍ വേണുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആര്‍മോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിങ്ങ് നിര്‍വഹിച്ചത് രോഹിത് വി എസ് വാര്യത്ത്.
‘അസാധ്യമായ കൈയ്യൊതുക്കത്തിലൂടെ ഒരു അത്ഭുത സിനിമ. കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരും മരിച്ചവരും തന്നെയാണ്. കണ്ടുപോയതെങ്കിലും ജീവിതത്തില്‍ ചിലതൊക്കെ എപ്പോഴും പുതിയതായി പ്രത്യക്ഷപ്പെടും. ചെമ്പോസ്‌കി യു ആര്‍ ബ്രില്യന്റ്… ബോത്ത് ഉല്ലാസ് ആന്‍ഡ് ചെമ്പന്‍ വിനോദ്. ആ നാടും ആളുകളും വീണ്ടും കാണും,കണ്ടുതീരാത്ത മനുഷ്യര്‍. വായിച്ചു മറക്കുന്ന കഥകളല്ല. കാണാനും കേള്‍ക്കാനും കാത്തിരിക്കുന്ന വിസ്മയം. ലുക്മാന്‍, ശ്രീജിത്ത് രവി,മണികണ്ഠന്‍ ആചാരി, അച്യുതാനന്ദന്‍, സെന്തില്‍, പിന്നെയും ഒരുപാട് കലാകാരന്മാരും കലാകാരികളും… എടുത്ത് പറയേണ്ട രണ്ട് പേരുണ്ട് പ്രവീണ്‍, മെറിന്‍, ചുള്ളമ്മാര്… എന്താ എനര്‍ജി. ഒരു പഴയ കാലം വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം,’ എന്ന് മധുപാല്‍ കുറിച്ചു.