പാലക്കാട്:അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടിക വര്‍ഗ പ്രത്യേക കോടതി മജിസ്‌ട്രേറ്റിന് മുന്‍പാകെയായിരിക്കും ഹാജരാക്കുക.
മന്ത്രി എ കെ ബാലന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ കൊല്ലപ്പെട്ട മധുവിന്റെ ഊര് സന്ദര്‍ശിക്കും. എ കെ ബാലന്‍ ചിണ്ടക്കലിലെ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറും.
മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് 16 പേരുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. 16 പ്രതികള്‍ക്കെതിരെയും കൊലപാതകക്കുറ്റം, പട്ടിക വര്‍ഗ – പീഡന വിരുദ്ധ നിയമ പ്രകാരമുള്ള വകുപ്പുകള്‍, വനത്തില്‍ അതിക്രമിച്ച് കയറിയതിനുള്ള പ്രത്യേക വകുപ്പുകള്‍ തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു.
കോടതി ഇന്ന് അവധിയായതിനാല്‍ പ്രത്യേക കോടതി ജഡ്ജ് അനില്‍ കെ ഭാസ്‌കറിന്റെ വസതിയിലായിരിക്കും പ്രതികളെ ഹാജരാക്കുക. പ്രതികളെ റിമാന്‍ഡ് ചെയ്തതിന് ശേഷമാണ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ പൊലീസ് നല്‍കുക.
കസ്റ്റഡിയില്‍ ലഭിച്ചാല്‍ മധുവിനെ അക്രമിച്ച കാടിനകത്തും മറ്റ് പ്രദേശങ്ങളിലും പ്രതികളുമായി എത്തി തെളിവ് ശേഖരിക്കും.