വോട്ടിങ് രീതിയിലെ മാറ്റം തരൂരിന്റെ പരാതിയെ തുടർന്നല്ലെന്ന് മധുസൂദൻ മിസ്ത്രി

ന്യൂ ഡെൽഹി: വോട്ടിങ് രീതിയിൽ മാറ്റം വരുത്തിയത് ശശി തരൂരിന്റെ പരാതിയെ തുടർന്നല്ലെന്നു കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പു അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി. ബാലറ്റ് പേപ്പറിൽ ടിക് അടയാളം നൽകാൻ തീരുമാനിച്ചത് തെരഞ്ഞെടുപ്പ് അതോരിറ്റിയാണ്. വോട്ടർമാരുടെ സൗകര്യം മനസിലാക്കിയാണ് മാറ്റം വരുത്തിയതെന്നു മധുസൂദൻ മിസ്ത്രി പറഞ്ഞു. കെ.സുധാകരൻ പരസ്യമായി ഖാർഗെയെ പിന്തുണച്ചതിൽ മിസ്ത്രി പ്രതികരിച്ചില്ല.

വോട്ട് രേഖപ്പെടുത്തുന്ന ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ഒന്ന് എന്ന് എഴുതുന്നത് മാറ്റി ടിക്മാർക്ക് നൽകണമെന്ന് തരൂർ ആവശ്യപ്പെട്ടിരുന്നു.വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് ഒന്ന് എന്നെഴുതണമെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം നല്‍കിയിരുന്നത്. ഗുണന ചിഹ്നമോ, ശരി മാർക്കോ ഇട്ടാൽ വോട്ട് അസാധുവാകും. ഒന്ന് എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നായിരുന്നു തരൂരിന്റെ പരാതി. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തിയിരുന്നു.

Top