ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് നാളെ പുറത്തിറക്കും. 150 സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കാനാണു ശ്രമം. ആകെ 230 സീറ്റാണു സംസ്ഥാനത്തുള്ളത്.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുമായി മധ്യപ്രദേശ് പിസിസി പ്രസിഡന്റ് കമൽനാഥും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും ഇന്നലെ കൂടിക്കാഴ്ച നടത്തി.
തെലങ്കാനയിലെ 119 സീറ്റിൽ 58 ഇടത്തെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. തെലങ്കാന സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ചെയർമാൻ കെ.മുരളീധരൻ ദേശീയ നേതൃത്വവുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പൂർണ സ്ഥാനാർഥി പട്ടിക ഈ മാസം 18ന് അകം പ്രഖ്യാപിക്കാനാണു ശ്രമം.