അവകാശവാദം ഉന്നയിക്കില്ല; രാജിക്കത്ത് സമര്‍പ്പിച്ച് ശിവരാജ് സിങ് ചൗഹാന്‍

sivaraj-singh

മധ്യപ്രദേശ്: ശിവരാജ് സിങ് ചൗഹാന്‍ രാജിവെച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനമാണ് അദ്ദേഹം രാജി വെച്ചത്. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി കഴിഞ്ഞു.

സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

നീണ്ട അനശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ അന്തിമ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരുന്നു. 114 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പി 109 സീറ്റുകള്‍ നേടി. ബി.എസ്.പി രണ്ടിടത്തും സമാജ് വാദി പാര്‍ട്ടി ഒരിടത്തും ജയിച്ചു കയറി. നാലു സീറ്റുകളില്‍ സ്വതന്ത്രര്‍ക്കാണ് വിജയം.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്തപ്പോള്‍ ബി.ജെ.പി. ഏറെ പിന്നിലായിരുന്നു. ചൊവ്വാഴ്ച രാത്രിയായിട്ടും മധ്യപ്രദേശില്‍ ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നതില്‍ ആകാംക്ഷയുണ്ടായിരുന്നു. ഇതിനിടെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അന്തിമഫലം പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാനായിരുന്നു ഗവര്‍ണര്‍ മറുപടി നല്‍കിയത്.

അതേസമയം ഛത്തീസ്ഗഡിലെ അന്തിമ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 90 അംഗ നിയമസഭയില്‍ 68 സീറ്റകള്‍ നേടി കോണ്‍ഗ്രസ് ഭരണം പിടിച്ചു. ഭരണകക്ഷിയായിരുന്ന ബിജെപിക്ക് 15 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസിന്റെ വിജയം. ബിജെപി 49 സീറ്റില്‍ നിന്ന് 15 ലേക്കു താണു.

Top