ഭോപ്പാല്‍: ഒഡിഷയില്‍ മാത്രമല്ല മധ്യപ്രദേശിലും നാട്ടിന്‍പുറങ്ങളില്‍ തമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ മതിയായ സമയം ലഭിക്കാതെ വലയുകയാണ്.
ഒഡിഷയില്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് 12 കിലോമീറ്ററോളം നടന്നയാള്‍ക്കും അമ്മയുടെ ശരീരം ഒടിച്ചു മടക്കുന്നത് നോക്കി നിക്കേണ്ടി വന്ന മകനും, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ക്കഥയാകുകയാണ്.
ഇപ്പോള്‍ ഇതാ മധ്യപ്രദേശില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ പെണ്‍ക്കുട്ടിക്ക് ആശുപത്രിയിലെത്താന്‍ ആംബുലസ് ലഭിച്ചില്ല.
ഭോപ്പാലിലെ ബുണ്ടേല്‍ഖണ്ഡിലാണ് സംഭവം നടന്നത്. വാഹനമില്ലാത്തതിനാല്‍ ഗര്‍ഭിണിയായ മകളെ സൈക്കിളില്‍ ആശുപത്രിയിലെത്തിക്കേണ്ട ഗതികേടുണ്ടായത് നാനാഭായ് എന്ന പിതാവിനാണ്.
പ്രസവവേദന കൊണ്ട് തളര്‍ന്ന ഭായിയുടെ മകള്‍ പാര്‍വതിയെ ആശുപത്രിയിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നാട്ടില്‍പുറങ്ങളിലുള്ളവരുടെ ആവശ്യത്തിനായി രൂപികരിച്ച ജനനി എക്‌സ്പ്രസിലേക്ക് നിരവധി തവണ വിളിച്ചിട്ടും മറുപടിയുണ്ടായില്ല.
ശേഷം സൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച ഭായിയുടെ മകള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ പ്രസവത്തിനു ശേഷം വീട്ടിലേക്ക് മകളെ തിരിച്ചുകൊണ്ടുവരാനും ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിച്ചില്ല.
അമ്മയെയും കുഞ്ഞിനെയും സൈക്കിളിലിരുത്തി തന്നെയാണ് വീട്ടിലെത്തിച്ചതും. സംസ്ഥാന സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതേ സ്ഥലത്തു തന്നെ മൂന്നു ദിവസം മുമ്പ് പ്രസവവേദന കൊണ്ട് അവശയായ സ്ത്രീക്ക് ആറു കിലോ മീറ്ററോളം നടന്ന് ആശുപത്രിയിലെത്തേണ്ട അവസ്ഥ ഉണ്ടായിരുന്നു.