ഭോപ്പാല്‍: മുന്‍ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട മധ്യപ്രദേശിലെ മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ അജയ് സിംഗ് ഗാംഗ്വാറിന് സ്ഥാനമാറ്റം.
പോസ്റ്റ് വൈയറലായതിനെ തുടര്‍ന്ന് അദ്ദേഹം അത് നീക്കം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് അജയിനെതിരെ നടപടിയെടുത്തതെന്നാണ് ഭരണപക്ഷമായ ബി.ജെ.പി അറിയിച്ചത്.
അദ്ദേഹം പെരുമാറ്റച്ചട്ടം ലംഘിച്ചു, മൗലികാവകാശങ്ങളുടെ പേരില്‍ നിയമങ്ങള്‍ അനുസരിക്കാതിരിക്കുന്നത് ശരിയായ രീതിയല്ലെന്ന് ബി.ജെ.പി നേതാവ് വിശ്വാസ് സാരംഗ് പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ നെഹ്‌റുവിനെ പുകഴ്ത്തിയുള്ള ഒരു കാര്യവും ബി.ജെ.പി അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി കാണിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാനത്തെ ബര്‍വാനി ജില്ലാകളക്ടറായിരുന്ന അജയിനെ ഭോപ്പാല്‍ സെക്രട്ടേറിയേറ്റിലെ സാധാരണ ഒരു പോസ്റ്റിലേക്കാണ് മാറ്റിയിരിക്കുന്നത്.
നെഹ്‌റുവിന്റെ മതനിരപേക്ഷതയെ പിന്തുണയ്ക്കുകയും ബി.ജെ.പിയെ പരിഹസിക്കുന്നതായും തോന്നുന്ന അജയിന്റെ പോസ്റ്റില്‍ 1947ല്‍ ഹിന്ദുതാലിബാന്‍ രാഷ്ട്രമാകേണ്ട ഇന്ത്യയുടെ അവസ്ഥയെ തടഞ്ഞത് നെഹ്‌റുചെയ്ത തെറ്റാണോ? ഐ.ഐ.ടി, ഐ.എസ്.ആര്‍.ഒ, ഐ.ഐ.എം, ബി.എ.ആര്‍.സി, ഡാമുകള്‍, താപനിലയങ്ങള്‍ എന്നിവ തുറന്നത് അദ്ദേഹം ചെയ്ത തെറ്റാണോ? ആശാറാം, രാംദേവ് എന്നിവരെ പോലുള്ളവരുടെ സ്ഥാനത്ത് സാരാഭായി, ഹോമി ജഹാംഗീര്‍ എന്നിവരെ ആദരിച്ചതാണോ അദ്ദേഹം ചെയ്ത തെറ്റ് എന്നുള്ള കാര്യങ്ങളാണ് പറയുന്നത്.