എംഎല്‍എമാരെ ഹാജരാക്കിയില്ല; മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ല

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുള്ള വിമത എം എല്‍ എ മാര്‍ തനിക്ക് മുന്നില്‍ ഹാജരാകാതെ വിശ്വാസ വോട്ടെടുപ്പിന് അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ ലാല്‍ജി ടണ്ടന്‍. അതിനാല്‍ മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ല. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനവും, നന്ദി പ്രമേയവും മാത്രമാണ് നിയമസഭ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നത്തെ അജണ്ട. എന്നാല്‍ ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണ്ണറുടെ ഉത്തരവ് നടപ്പാക്കാത്തതില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയേക്കുമെന്നാണ് സൂചന.

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബോധ്യമായെന്നാണ് മുഖ്യമന്ത്രി കമല്‍നാഥിന് കൈമാറിയ ഉത്തരവില്‍ ഗവര്‍ണ്ണര്‍ ലാല്‍ ജി ടണ്ടന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന ഭരണഘടനയിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍ ഉത്തരവിട്ടത്. ഗവര്‍ണ്ണറുടെ ഉത്തരവിന് പിന്നാലെ ജയ്പൂരിലേക്ക് മാറ്റിയ എംഎല്‍എമാരെ കോണ്‍ഗ്രസ് ഭോപ്പാലില്‍ തിരികെയെത്തിച്ചു. നാളെ മുതല്‍ ഏപ്രില്‍ 13വരെ നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി.

ബെംഗളൂരുവിലുള്ള വിമത എംഎല്‍എമാരും, ഹരിയാന മനേസറിലേക്ക് മാറ്റിയ ബിജെപി എംഎല്‍എമാരും വൈകുന്നേരത്തോടെ ഭോപ്പാലിലെത്തും. അതേസമയം, കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നും, ഗവര്‍ണ്ണര്‍ക്കിടപെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

Top