ഭോപാല്‍: വി.ഡി സവര്‍ക്കറിന്റെ ചിത്രമുള്ള നോട്ടുബുക്കുകള്‍ വിതരണം ചെയ്യാന്‍ അനുവദിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ
സസ്പെന്‍ഡ് ചെയ്തു. മധ്യപ്രദേശ് സര്‍ക്കാരിന്റേതാണ് നടപടി. രത്ലം ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രിന്‍സിപ്പാളായ ആര്‍.എന്‍. കെരാവത്തിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇദ്ദേഹം മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ വ്യക്തികൂടിയാണ്.
വീര്‍ സവര്‍ക്കര്‍ ജനഹിതാര്‍ഥ സമിതി എന്ന സംഘടനയാണ് ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് ബുക്കുകള്‍ വിതരണം ചെയ്തത്. 500 നോട്ടുബുക്കുകളാണ് ഇവര്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയോടെ വിതരണം ചെയ്തത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ സംഘടന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് നടപടി ഉണ്ടായത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിഷയത്തില്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിഷയത്തില്‍ അന്വേഷണം നടത്തുകയും പ്രിന്‍സിപ്പാളിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പരിപാടി സംഘടിപ്പിക്കാന്‍ ഒത്താശ ചെയ്തുവെന്നതാണ് പ്രിന്‍സിപ്പാളിനെതിരായ ആരോപണം.
അതേസമയം എന്ത് കാരണം കൊണ്ടാണ് തന്നെ സസ്പെന്‍ഷനിലാക്കിയതെന്ന് അറിയുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്ക് നല്‍കാന്‍ മാത്രമാണ് അനുവാദം നല്‍കിയത്. എന്നാല്‍ പിന്നീടാണ് അതില്‍ സവര്‍ക്കറിന്റെ ചിത്രവും അദ്ദേഹത്തേപ്പറ്റിയുള്ള ജീവചരിത്രവും ഉണ്ടായിരുന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.