ഭോപ്പാല്‍ : നദികളെ സംരക്ഷിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.
നര്‍മ്മദാ നദി സംരക്ഷണത്തിന്റ ഭാഗമായി സംഘടിപ്പിച്ച ‘നാമമി ദേവി നര്‍മ്മത്തെ സേവാ യാത്ര’ പൂര്‍ത്തിയായതിനുശേഷം മറ്റ് നദികളെ പുനരുജ്ജീവിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായുള്ള സമാന പദ്ധതികള്‍ക്കാണ് മധ്യപ്രദേശില്‍ തുടക്കംകുറിക്കുന്നത്.
നദികളിലെ മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെന്നും പൊതുജന പങ്കാളിത്തം ഇല്ലാതെ നദികളെ മാലിന്യ വിമുക്തമാക്കാന്‍ സാധിക്കില്ലെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന സേവാ യാത്ര പൂര്‍ത്തിയായതിനുശേഷം മെയ് 15 ന് പുതിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നര്‍മ്മദ നദി ശൂചീകരണവുമായി ബന്ധപ്പെട്ട് നടത്തിയ 3500 കിലോമീറ്റര്‍ യാത്രയില്‍ താന്‍ തൃപ്തനാണെന്നും ഡിസംബര്‍ 11 ന് ആരംഭിച്ച യാത്രയില്‍ സംസ്ഥാനത്തുടനീളം എല്ലാവരും തന്നെ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.