‘മാധ്യമ’ത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തിവരുന്ന വ്യാജ പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ സജീവ ഇടപെടലുമായി മുന്നേറുന്ന പത്രത്തിനെതിരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ പടച്ചുണ്ടാക്കുന്ന വ്യാജ കഥകള്‍ പ്രബുദ്ധരായ മാധ്യമ സ്‌നേഹികള്‍ തള്ളിക്കളയും.
മൂന്നു പതിറ്റാണ്ടു കൊണ്ട് കേരളത്തില്‍ ഏഴും ഗള്‍ഫില്‍ എട്ടും എഡിഷനുകളിലായി ‘മാധ്യമം’ പടര്‍ന്നു പന്തലിച്ചത് വാര്‍ത്തയിലും വീക്ഷണത്തിലും പുലര്‍ത്തിയ വേറിട്ട മാനവിക നിലപാടിലൂടെയാണ്. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ നടത്തിയ അക്ഷീണയത്‌നത്തിലൂടെയാണ് ‘മാധ്യമ’ത്തെ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയത്. പ്രവാസ ലോകത്തെ പ്രചാരത്തില്‍ ‘മാധ്യമം’ ഒന്നാമത്തെ പത്രമായതും മലയാളി പ്രബുദ്ധതയുടെ അജണ്ട നിശ്ചയിക്കുന്ന സ്വാധീനം നേടിയതും അങ്ങനെയാണ്.
പത്രത്തിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളും ‘അക്ഷര വീട്’ അടക്കമുള്ള ജനകീയ പരിപാടികളും കേരളം ഏറ്റെടുത്തു. കേരളത്തിന്റെ പ്രവാസ ലോകത്തെ അംബാസഡറായ ‘മാധ്യമ’ത്തിന് ഷാര്‍ജ ഭരണകൂടം അംഗീകാരം നല്‍കിയത് ഈയിടെയാണ്. കേരളത്തിലെ വിവിധ എഡിഷനുകളില്‍ വായനക്കാരുടെ വര്‍ധനക്ക് അനുസരിച്ച് അച്ചടി രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വരികയാണ്. മലപ്പുറത്തും തിരുവനന്തപുരത്തും മികച്ച പ്രിന്റിങ്ങ് സംവിധാനത്തിന് തുടക്കം കുറിച്ചു. കൊച്ചിയില്‍ കൂടുതല്‍ മികച്ച പ്രിന്റിംഗ് പ്രസ് ഉടന്‍ കമീഷന്‍ ചെയ്യും. കണ്ണൂരിലും കോഴിക്കോട്ടും വിപുലമായ അച്ചടി സമുച്ചയത്തിന്റെ പരിപാടികളുമായി മുന്നോട്ടു പോകുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തിയതെന്നും മാധ്യമം മാനേജ്‌മെന്റ്.വിവിധ വിഷയങ്ങളില്‍ മാധ്യമം സ്വീകരിച്ചു വരുന്ന ജനാധിപത്യ സമീപനത്തോട് വിരോധമുള്ള വിരുദ്ധ കേന്ദ്രങ്ങള്‍ ഒരു പോലെ ഈ വ്യാജ പ്രചാരണത്തില്‍ കണ്ണി ചേര്‍ന്നത് കൗതുകകരമാണെന്നും മാധ്യമം മാനേജ്‌മെന്റ അഭിപ്രായപ്പെട്ടു.മാധ്യമത്തിനെതിരായ വ്യാജ വാര്‍ത്തകള്‍ക്ക് നേതൃത്വം നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അതിന്റെ പ്രചാരണം ഏറ്റെടുക്കുന്നവര്‍ക്കെതിരെയും അപകീര്‍ത്തിക്കേസ് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.