ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ആള്‍ദൈവവും ആത്മീയ നേതാവുമായ ഭയ്യൂജി മഹാരാജ് വെടിവെച്ചു മരിച്ചു. അതീവഗുരുതരമായ അവസ്ഥയില്‍ അദ്ദേഹത്തെ ഇന്‍ഡോറിലെ ബോംബെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിലുള്ള തര്‍ക്കമാണ് ആത്മഹത്യക്കു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷാദരോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കരുതുന്നുണ്ട്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബയ്യൂജിക്ക് ക്യാബിനറ്റ് പദവി വാഗ്ധാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ആദ്യകാലത്ത് മോഡലായിരുന്ന ബയ്യൂജി മഹാരാജിന്റെ യഥാര്‍ഥ പേര് ഉദയ് സിങ് ദേശ്മുഖ് എന്നാണ്. ബയ്യൂജി ഇന്‍ഡോര്‍ സ്വദേശിനിയായ ഡോക്ടറെ വിവാഹം ചെയ്തത് അദ്ദേഹത്തിന്റെ അനേകം വിശ്വാസികളെ അസ്വസ്ഥരാക്കിയിരുന്നു.
ബയ്യൂജിയുടെ ആഢംബര ജീവിതം പ്രസിദ്ധമാണ്. വിശാലമായ ആശ്രമമാണ് അദ്ദേഹം ഇന്‍ഡോറില്‍ പണിതുയര്‍ത്തിയത്. വാദ്യ മേളക്കാരുടെ അകമ്പടിയോടെ വെളുത്ത മെഴ്‌സിഡസ് എസ്.യു.വിയില്‍ യാത്ര ചെയ്തിരുന്ന ബയ്യൂജി യാത്രകള്‍ക്കിടെ ആഢംബര റിസോര്‍ട്ടുകളിലായിരുന്നു പലപ്പോഴും താമസിച്ചിരുന്നത്.