ഭോപ്പാല്‍: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധനയ്‌ക്കെതിരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ചവര്‍ നിലവിലെ സാഹചര്യത്തില്‍ അതിനോട് പുലര്‍ത്തുന്ന നിശബ്ദതയിലാണ് പ്രതിഷേധം.
2012 ഫെബ്രുവരിയിലാണ് ഇന്ധനവില വര്‍ധനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അക്ഷയ് കുമാറിന്റെ ട്വീറ്റ് വന്നത്. നിങ്ങളുടെ സൈക്കിളുകള്‍ വൃത്തിയാക്കി റോഡിലിറക്കാനുള്ള സമയമാണ് ഇതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇന്ധനവിലയില്‍ അടുത്തൊരു വര്‍ധന ഉടന്‍ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ആ ട്വീറ്റ്. ആക്ഷേപഹാസ്യ സ്വഭാവമുള്ള ട്വീറ്റുമായി അമിതാഭ് ബച്ചനും ഇതേ കാലയളവില്‍ ഇന്ധനവില വര്‍ധനവിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. യുപിഎ ഭരിച്ചിരുന്ന കാലത്ത് ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചിരുന്ന താരങ്ങള്‍ ഇന്ധനവിലയില്‍ ദിനേനയെന്നോണം വലിയ വര്‍ധന വന്നിട്ടും പ്രതികരിക്കാത്തതിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അമര്‍ഷം.
‘വാഹനങ്ങള്‍ വാങ്ങാവുന്നതേയുള്ളുവെന്നും എന്നാല്‍ പെട്രോളോ ഡീസലോ അടിക്കണമെങ്കില്‍ ഒരാള്‍ക്ക് ലോണ്‍ എടുക്കേണ്ടിവരുമെന്നാണ് ഈ താരങ്ങള്‍ 2012ല്‍ പ്രതികരിച്ചത്. ആ കാലഘട്ടത്തില്‍ പാചകവാതക സിലിണ്ടറിന് 300- 400 രൂപയും പെട്രോള്‍- ഡീസല്‍ വില ലിറ്ററിന് 60 രൂപയും ആയിരുന്നു. നിലവില്‍ പാചകവാതകത്തിന് ആയിരത്തിലേറെയായി വില ഉയര്‍ന്നിട്ടും പെട്രോള്‍- ഡീസല്‍ വില 100- 120 നിരക്കിലേക്ക് ഉയര്‍ന്നിട്ടും അമിതാഭ് ബച്ചനും അക്ഷയ് കുമാറും നിശബ്ദത പുലര്‍ത്തുകയാണ്. സാധാരണ മനുഷ്യര്‍ അവരുടെ പരിഗണനയില്‍ ഇല്ല’, കോണ്‍ഗ്രസ് എംഎല്‍എ പി സി ശര്‍മ്മ ആരോപിച്ചു.
അതേസമയം താരങ്ങളുടെ കോലം കത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ലോകം മുഴുവന്‍ സ്‌നേഹിക്കുന്ന സിനിമാ സൂപ്പര്‍താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തിന്റെ കോലം കത്തിച്ചതിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇച്ഛാഭംഗമാണ് വ്യക്തമാവുന്നത്’, മധ്യപ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് ആരോപിച്ചു.