മധ്യപ്രദേശില്‍ പുതിയ കരുനീക്കങ്ങളുമായി ബിജെപി; ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു

ഇന്‍ഡോര്‍: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ് ബിജെപി. ക്ഷേത്രം പുരോഹിതരുടെയും വിവരങ്ങള്‍ പാര്‍ട്ടി ശേഖരിക്കുന്നുണ്ട്. ബിജെപി വക്താവ് രാജ്‌നിഷ് അഗര്‍വാളും ഇക്കാര്യം സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വിവിധ സംഘടനകളുടെയും വിവരങ്ങള്‍ ബിജെപി നേരത്തെ ശേഖരിച്ചിരുന്നു. ബൂത്ത് അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലകള്‍ പരിശോധിക്കാനും അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും വളരെ ശ്രദ്ധയോടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത്. ഈ വിവരങ്ങള്‍ എന്ത് ചെയ്യാനാണെന്ന് പാര്‍ട്ടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളുമായി നേരിട്ട് ബന്ധപ്പെടാനാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് പകുതി മുതല്‍ തന്നെ ഇത്തരത്തിലുള്ള വിവര ശേഖരണം തുടങ്ങിയിരുന്നു. ഹിന്ദുത്വ ധ്രുവീകരണമാണ് ഇത്തവണയും തെരഞ്ഞെടുപ്പുകളില്‍ ബിജെപി ചാണക്യന്‍ അമിത്ഷായുടെ പ്രധാന തുറുപ്പ് ചീട്ട് എന്ന് സംശയിക്കുന്ന തരത്തിലുള്ളതാണ് ഇപ്പോഴത്തെ നീക്കം.

അതേസമയം, കോണ്‍ഗ്രസും ഒട്ടും വിട്ട് കൊടുക്കാന്‍ തയ്യാറല്ല. മറ്റ് പാര്‍ട്ടികളെ കൂട്ടുപിടിച്ച് കര്‍ണ്ണാടക സമവാക്യം ആവര്‍ത്തിക്കാനാണ് രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നത്. ബിഎസ്പിയുമായി കൂടി വലിയ നേട്ടം ഉണ്ടാക്കാമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.

ഉത്തര്‍പ്രദേശിനോട് അടുത്തു കിടക്കുന്ന മധ്യപ്രദേശിലെ ജില്ലകളിലാണ് ബിഎസ്പിയ്ക്ക് സ്വാധീനമുള്ളത്. 230 സീറ്റുകളില്‍ 25 സീറ്റ് ബി.എസ്.പിക്ക് നല്‍കിയേക്കും. ഈ മാസം 17ന് രാഹുല്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. അന്ന് എല്ലാ കാര്യങ്ങളിലും തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിഎസ്പിയും കോണ്‍ഗ്രസും ഒന്നിച്ച് ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് ബിജെപിയ്ക്ക് വലിയ തരത്തില്‍ ദോഷം ചെയ്യും. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വാര്‍ത്താ വിനിമയ ഏജന്‍സിയായ സ്‌പൈക്ക് മീഡിയ നെറ്റ് വര്‍ക്കിന്റെ സര്‍വ്വേയിലും ഇതേ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇരു കക്ഷികള്‍ക്കും വളരെ നിര്‍ണ്ണായകമാണ്. എന്ത് വിലകൊടുത്തും അധികാരത്തിലെത്താനാണ് യുപിഎയും എന്‍ഡിഎയും ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ അതിന് മുന്‍പ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെല്ലാം തന്നെ വലിയ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

Top