ചെന്നൈ: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയും ജസ്റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തിയുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോട് ചോദ്യം ഉന്നയിച്ചത്.
നിലവിലെ കൊവിഡ് സാഹചര്യം അപ്രതീക്ഷിതമായിരുന്നു എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസിനിടെ വാദിച്ചു. റെംഡെസീവര്‍ മരുന്ന് ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ‘കഴിഞ്ഞ 14 മാസങ്ങളായി കേന്ദ്രം എന്ത് ചെയ്യുകയായിരുന്നു? ഒരു വര്‍ഷം സമയം ലഭിച്ചിട്ടും എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നത്? ഒരു വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും ലോക്ഡൗണായിട്ടും ഇപ്പോഴത്തെ നിരാശാജനകമായ സാഹചര്യം കാണുന്നില്ലേ?’ എന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
കൊവിഡ് നിയന്ത്രണങ്ങള്‍ വരുത്താന്‍ കേന്ദ്രം കൂടിയാലോചന നടത്തുന്ന വിദഗ്ദ്ധര്‍ ആരാണെന്നും ജൂണ്‍ മാസത്തോടെ നില മെച്ചപ്പെടുമെന്ന വിശ്വാസം മാത്രമാണുളളതെന്നും ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി പറഞ്ഞു. വാക്സിന്‍ വില വിവരത്തെ കുറിച്ചും വാക്സിനേഷന്‍ രജിസ്ട്രേഷന്‍ നടത്തേണ്ട കൊവിന്‍ ആപ്പിന്റെ തകരാറിനെ കുറിച്ചും കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് വിവരങ്ങള്‍ തിരക്കി. ഇക്കാര്യം നാളെ വിശദമായി അറിയിക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കേസ് കൂടുതല്‍ വാദത്തിനായി നാളെ വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.