ചെന്നൈ : മെര്‍സല്‍ സിനിമക്കെതിരെ ഹാലിളക്കുന്ന ബി.ജെ.പിക്ക് വന്‍ തിരിച്ചടി നല്‍കി മദ്രാസ് ഹൈക്കോടതി.
മെര്‍സല്‍ സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഓരോ സിനിമാ പ്രവര്‍ത്തകനും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സിനിമയെ സിനിമയായി കാണണം, അതിലുള്ളത് ജീവിതമല്ല. എത്രയോ വിഷയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നു. അവയെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ട്. പക്വതയുള്ള ഒരു ജനാധിപത്യത്തിന് ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തെ അടിച്ചമര്‍ത്താനാകില്ല. സിനിമയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അന്തിമവിധി പ്രേക്ഷകരുടേതാണെന്നും കോടതി നിരീക്ഷിച്ചു.
രാജ്യത്തിനെതിരെയുള്ള സംഘടിതമായ ആശയപ്രചാരണമാണ് ചിത്രത്തിലുള്ളതെന്ന് ആരോപിച്ച് അഭിഭാഷകന്‍ എ അശ്വതമാന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.
സിനിമയിലെ സംഭാഷണങ്ങളിലെ വിവരങ്ങളും തെറ്റാണെന്നും, ജിഎസ്ടി സംബന്ധിച്ച തെറ്റിദ്ധാരണയിലേക്കു നയിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലേറെയുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ രാജ്യത്തെ സാമൂഹ്യാവസ്ഥകളില്‍ നിങ്ങള്‍ ശരിക്കും ആശങ്കപ്പെടുന്നുണ്ടെങ്കില്‍ ‘മെര്‍സല്‍’ പോലുള്ള സിനിമയ്‌ക്കെതിരെയല്ല പരാതി നല്‍കേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. ചില സിനിമകളില്‍ പണക്കാരില്‍ നിന്നു ധനം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്കു നല്‍കുന്ന നായകന്മാരുണ്ട്. അവര്‍ക്കെതിരെയും കേസു കൊടുക്കുമോ? കോടതി ചോദിച്ചു.
വിജയ് ചിത്രം മെര്‍സലിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ ബിജെപിക്ക് മാത്രമല്ല സെന്‍സര്‍ ബോര്‍ഡിനും തിരിച്ചടിയാണ്.
മെര്‍സലിന്റെ തെലുങ്ക് പതിപ്പിന് പ്രദര്‍ശനാനുമതി നല്‍കാതിരുന്ന സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെ ആന്ധ്രയിലെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഈ നിലപാട് നിര്‍മ്മാതാക്കള്‍ക്ക് സഹായകരമാകും.