ചെന്നൈ: തമിഴ്നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ഒക്ടോബര്‍ 22, 29 തീയതികളില്‍ തമിഴ്നാട്ടിലുടനീളം 35 സ്ഥലങ്ങളില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. പരിപാടിക്ക് അനുമതി തേടിയുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് ജി.ജയചന്ദ്രന്‍ പൊതു ഉത്തരവ് പുറപ്പെടുവിച്ചത്.
മൂന്ന് മുതല്‍ അഞ്ച് ദിവസം മുമ്പെങ്കിലും പൊലീസ് അനുമതി നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് മാര്‍ച്ചിന് മതിയായ സുരക്ഷ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാര്‍ച്ചിന്റെ റൂട്ടില്‍ ഒരു മാറ്റവും ഉണ്ടാകരുതെന്ന് പറഞ്ഞ ജഡ്ജി അനുമതി നല്‍കുന്നതില്‍ പൊലീസ് ഉന്നയിച്ച എല്ലാ എതിര്‍പ്പുകളും തള്ളി. എന്നിരുന്നാലും, ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജി.കാര്‍ത്തികേയന്റെയും അഭിഭാഷകന്‍ രാബു മനോഹറിന്റെയും വാദം കേട്ട ശേഷമാണ് ഉത്തരവ്. സംസ്ഥാനത്ത് മാര്‍ച്ച് സംഘടിപ്പിക്കുന്നത് കഴിഞ്ഞ വര്‍ഷവും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഒടുവില്‍ 2022 ഏപ്രില്‍ മാസത്തില്‍ സുപ്രിം കോടതിയുടെ അനുമതിയോടെ സംസ്ഥാനത്തുടനീളം 45 സ്ഥലങ്ങളില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു.