ചെന്നൈ: തമിഴ്‌നാട് സേലത്തെ അരുള്‍മിഗു സുഗുവനേശ്വരറര്‍ ക്ഷേത്രത്തിലെ രാജേശ്വരി(42) എന്ന ആനയ്ക്ക് ദയാവധം നടപ്പാക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
ആനയെ ഇനിയും ജീവനോടെ നിര്‍ത്തുന്നത് ക്രൂരതയാണെന്ന് പ്രാദേശിക സര്‍ക്കാര്‍ മൃഗഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ദയാവധം നടത്താമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ആനയെ പരിശോധിച്ച് 48 മണിക്കൂറിനകം സാക്ഷ്യപത്രം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു
മൃഗസ്‌നേഹിയായ എസ് മുരളീധരന്റെ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസും ഉത്തരവിട്ടത്. ഗുരുതരമായി പരുക്കേറ്റ് അവശതയിലായ ആനയെ ക്രെയിന്‍ ഉപയോഗിച്ചും മറ്റും ഉയര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവൃത്തിക്കെതിരെ ആയിരുന്നു മുരളീധരന്റെ ഹര്‍ജി.
42 വയസുള്ള രാജേശ്വരിയുടെ കാലുകളില്‍ ഗുരുതരമായ വ്രണങ്ങളാണ് ഉള്ളത്. അത് മാറാന്‍ സാധ്യതയില്ലെന്നും മുന്‍ കാലുകള്‍ ഉയര്‍ത്തി നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധം മോശമാണ് ആനയുടെ അവസ്ഥയെന്നും, കൂടാതെ ആനയുടെ പ്രായവും വലിയ വെല്ലുവിളിയാണെന്നും കാട്ടി വനംവകുപ്പ് വെറ്റിനറി ഓഫീസര്‍ എന്‍എസ് മനോഹരന്‍ മാര്‍ച്ച് 21 ന് നല്‍കിയ കത്തും ഡിവഷന്‍ ബഞ്ച് പരിഗണിച്ചിരുന്നു.
Madras High Court accepting our plea, ordered euthanasia of Salem Sugavaneshwar temple elephant Rajeshwari! It’s first of it’s kind order in India! pic.twitter.com/m4tQ5vMQfV
— Muralidharan S (@BalaShivom) April 16, 2018
ആനയെ ദയാവധം നടത്താനായി കേന്ദ്ര മൃഗക്ഷേമ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന എതിര്‍വാദവും കോടതി തളളി. എന്നിരുന്നാലും ആനയെ കുറഞ്ഞ വേദന നല്‍കുന്ന രീതിയില്‍ ദയാവധം നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.