ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സംവരണം;പരിഗണിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വിദ്യാഭ്യാസത്തിലും പൊതുമേഖല ജോലികളിലുമടക്കം ഒരു ശതമാനം സമാന്തരസംവരണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണെന്ന് തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സംവരണത്തിനായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു ഗണേശന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് വി ഗംഗാപൂര്‍വാല, ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ച് തമിഴ്നാട് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ട്രാന്‍സ്മെന്‍ വിഭാഗത്തിലോ മറ്റ് ജെന്‍ഡറുകളോ ആയി വ്യക്തിത്വം രേഖപ്പെടുത്തിയവര്‍ക്ക് ഏറ്റവും പിന്നാക്കവിഭാഗത്തിന്റെയോ അല്ലെങ്കില്‍ സ്വന്തം ജാതിയുടെയോ സംവരണമാണ് നിലവില്‍ സംസ്ഥാനത്ത് ലഭിക്കുക. ഇതിലൂടെ പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പ്രത്യേക സംവരണാനുകൂല്യം ലഭിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യവും ഹര്‍ജി സമര്‍പ്പിച്ച ബാനു ഗണേഷന്‍ ചൂണ്ടിക്കാട്ടി.ഈ വാദത്തോട് യോജിപ്പ് അറിയിച്ചെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഓര്‍മിപ്പിച്ചു. ട്രാന്‍സ് വ്യക്തികളില്‍ സ്ത്രീയായി വ്യക്തിത്വം രേഖപ്പെടുത്തിയവര്‍ക്ക് സംസ്ഥാനത്ത് നിലവില്‍ എല്ലാ ജാതിവിഭാഗങ്ങളിലും സ്ത്രീകള്‍ക്കുള്ള സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.

പൊതുവിഭാഗം, പട്ടികജാതി, പട്ടികവര്‍ഗം, പിന്നാക്ക വിഭാഗം എന്നിവയില്‍ തന്നെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും പ്രത്യേക സംവരണം നേടാന്‍ സാധിക്കും. സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണ നയം സങ്കീര്‍ണമാണെന്ന് ഹര്‍ജി സമര്‍പ്പിച്ച വ്യക്തിയുടെ അഭിഭാഷകന്‍ ജയ്‌ന കോത്താരി വാദിച്ചു.ഏറെ നാളുകളായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് സമാന്തര സംവരണം. ഇതിലൂടെ ട്രാന്‍സ്ജെന്‍ഡര്‍, ഇന്റര്‍സെക്സ് വ്യക്തികള്‍ക്ക് അവരവരുടെ സംവരണ വിഭാഗത്തില്‍ തന്നെ പ്രത്യേക സംവരണം ലഭിക്കും.

Top