മധുരൈ : തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്‍റെ ഉത്തരവ്. ക്ഷേത്രങ്ങളുടെ ശുദ്ധതയും പവിത്രതയും നിലനിർത്താനാണ് ഈ ഉത്തരവ് എന്നാണ് കോടതി പറയുന്നത്.
ജസ്റ്റിസുമാരായ ആർ.മഹാദേവൻ, ജെ.സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെതാണ് ഉത്തരവ്. ക്ഷേത്രങ്ങൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാനും കോടതിയുടെ നിർദേശങ്ങൾ പാലിക്കാനും തമിഴ്നാട് സര്‍ക്കാറിന്‍റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് വകുപ്പ് കമ്മിഷണറോട് കോടതി നിർദേശിച്ചു.
ഭക്തർക്ക് ശല്യം ഉണ്ടാകാതിരിക്കാൻ രാജ്യത്തെ പല ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധനം കൊണ്ടുവരികയും വിജയകരമായി നടപ്പാക്കുകയും ചെയ്തതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം, തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം എന്നിവ മൊബൈൽ ഫോൺ നിരോധനം നിലവിലുണ്ട്. ഈ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് മൊബൈൽ ഫോൺ സൂക്ഷിക്കാന്‍ പ്രത്യേക സുരക്ഷാ കൗണ്ടറുകൾ ഉണ്ട്.
തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോൺ നിരോധനം, മാന്യമായ ഡ്രസ് കോഡ് തുടങ്ങിയ എല്ലാ നടപടികളും അധികൃതർ ഇതിനകം സ്വീകരിച്ചിരുന്നു എന്ന വസ്തുത കണക്കിലെടുത്ത്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലെയും നിർദ്ദേശങ്ങൾ പാലിക്കാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന് കോടതി നിര്‍ദേശം നല്‍കി.
ക്ഷേത്രത്തിനകത്ത് പൂജാരിമാരും ഭക്തരും മറ്റും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതും, സ്വയം സഹായ സംഘങ്ങളെ നിയോഗിച്ച് ഭക്തരുടെ മൊബൈല്‍ ഫോണുകള്‍ സംരക്ഷിക്കാന്‍ സംവിധാനം ഒരുക്കിയതും അടക്കം തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം അധികൃതർ എടുത്ത നടപടികള്‍ മാതൃകയാണെന്ന് കോടതി നിരീക്ഷിച്ചു.
തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ സ്വദേശി എം.സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ബെഞ്ചിന്‍റെ ഉത്തരവ്.