ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെട്ടുത്തിയ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസില്‍ മദ്രാസ് ഹൈക്കോടതി ജൂലൈ 23 മുതല്‍ എല്ലാ ദിവസവും വാദം കേള്‍ക്കാന്‍ ഒരുങ്ങുന്നു.
എല്ലാ ദിവസവും രാവിലെ 10.30 മുതലായിരിക്കും കോടതി വാദം കേള്‍ക്കുക. കേസില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നാം ജഡ്ജി എം. സത്യനാരായണനാണ് വാദം കേള്‍ക്കുന്നത്. കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എംഎല്‍എമാരുടെ ആവശ്യം സുപ്രീംകോടതി തള്ളി കളഞ്ഞിരുന്നു. കേസില്‍ കാലതാമസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് വേഗത്തിലാക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.
കേസില്‍ മദ്രാസ് ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ വ്യത്യസ്ത വിധി പുറപ്പെടുവിച്ചതിനാലായിരുന്നു മൂന്നാം ജഡ്ജിയെ നിയമിച്ചത്. കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റീസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചിന് ഏകാഭിപ്രായത്തില്‍ എത്താനായില്ല. ചീഫ് ജസ്റ്റീസ് സ്പീക്കറുടെ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ് സുന്ദര്‍ എംഎല്‍എമാര്‍ക്ക് അനുകൂലമായായിരുന്നു വിധി പ്രഖ്യാപിച്ചത്. 2017 സെപ്റ്റംബര്‍ 18നായിരുന്നു എംഎല്‍എമാരെ സ്പീക്കര്‍ പി. ധനപാല്‍ അയോഗ്യരാക്കിയത്.