എന്തും ടെലികാസ്റ്റ് ചെയ്യാമെന്ന് വാര്‍ത്താ ചാനലുകള്‍ കരുതരുത്; മദ്രാസ് ഹൈക്കോടതി

മദ്രാസ്:വാര്‍ത്താ ചാനലുകള്‍ക്കെതിരെ ആഞ്ഞടിച്ച് മദ്രാസ് ഹൈക്കോടതി. സെന്‍സര്‍ഷിപ്പോ മറ്റു നിയന്ത്രണങ്ങളോ ഇല്ലെന്ന് കരുതി എന്തും ടെലികാസ്റ്റ് ചെയ്യാമെന്ന് ചാനലുകള്‍ കരുതരുതെന്ന് മദ്രാസ് ഹെക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കിരുബാകരന്‍, ബി പുകലേന്തി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പ്രസ്താവന.

വാര്‍ത്താ ചാനലുകള്‍ക്ക് ടെലികാസ്റ്റ് ചെയ്യുന്ന വിഷയങ്ങളില്‍ ഉത്തരവാദിത്തം വേണമെന്നും, ചാനലുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഒരു പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത് ടിവിയില്‍ കാണിച്ചു. 2008ലെ മുംബൈ ഭീകരാക്രമണം മുതല്‍, തീവ്രവാദികള്‍ വരെ ചാനലുകള്‍ കണ്ടാണ് ആക്രമണത്തിലുള്ള വഴികള്‍ കണ്ടുപിടിക്കുന്നത്. അശ്ലീലം നിറഞ്ഞ പരസ്യങ്ങളും പരിപാടികളും ധാരാളമായി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ കാണിക്കണമെന്നും കോടതി പറഞ്ഞു.

നവജാത ശിശുക്കള്‍ വരെ ടെലിവിഷന്‍ നോക്കിയിരിക്കുന്ന കാലമാണിത്. അതിനാല്‍ അക്രമദൃശ്യങ്ങള്‍ കാണിക്കുന്നത് കുട്ടികളെ മോശമായി ബാധിക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.

അശ്ലീലം നിറഞ്ഞ പരസ്യങ്ങളും പരിപാടികളും പ്രദര്‍ശിപ്പിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്കും കേബിള്‍ ഓപ്പറേറ്റര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

Top