ഫാത്തിമ ലത്തീഫിന്റെ മരണം ; ഐ.ഐ.ടിയിൽ ചർച്ച ഇന്ന്

ചെന്നൈ : മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തിയിരുന്ന ഐ.ഐ.ടി വിദ്യാര്‍ത്ഥികളുമായി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും.

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ചിന്താ ബാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം നടത്തിയത്. ഐ.ഐ.ടി ഡയറക്ടറുടെ അഭാവത്തില്‍ ആവശ്യങ്ങള്‍ അംഗീകരിയ്ക്കാമെന്ന ഡീനിന്റെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുക. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരം ആരംഭിയ്ക്കുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എന്‍.എസ്.യു നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്നോ നാളെയോ പരിഗണിയ്ക്കും. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു വിദഗ്ധ സമിതി വേണമെന്ന ഹര്‍ജിയും കോടതിയ്ക്ക് മുന്നിലുണ്ട്.

കേസില്‍ ആരോപണ വിധേയരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെ ക്രൈം ബ്രാഞ്ച് സംഘം രണ്ട് തവണ ചോദ്യം ചെയ്തു. ഫാത്തിമയുടെ മാതാവ്, സഹോദരി, സഹപാഠികള്‍ എന്നിവരില്‍ നിന്നും വരും ദിവസങ്ങളില്‍ മൊഴിയെടുക്കും.

തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫാത്തിമ മൊബൈല്‍ ഫോണില്‍ കുറിച്ചിരുന്നു. ഫൊറന്‍സിക് പരിശോധനയ്ക്കായി നല്‍കിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ചിട്ടേ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ടാകുവെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

Top