കൊച്ചി: മദ്രാസ് ഐ ഐ ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പിതാവ് ലത്തീഫ്. കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് അടുത്തയാഴ്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ലത്തീഫ്.
കേസന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണമെന്നാവശ്യപ്പെട്ട് ലത്തീഫ് എത്തിയിരിക്കുന്നത്. ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ സിബിഐക്ക് കൈമാറിയിരുന്നു. തിങ്കളാഴച് അന്വേഷണം തുടങ്ങുമെന്ന് സിബിഐ ചെന്നൈ യൂണിറ്റില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
അതേസമയം സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ് സിംഗ് കേസില്‍ ഹാജരാകും. അഭിഭാഷക ഇന്ദിരാ ജയ്‌സിംഗുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ ഫാത്തിമയുടെ കുടുംബം തീരുമാനിച്ചത്. കുടുംബം അടുത്തയാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
ഫാത്തിമ മരണപ്പെട്ട് 50 ദിവസം പിന്നിട്ടിട്ടും പ്രതികള്‍ക്കെതിരെ നടപടികള്‍ ഉണ്ടായിട്ടില്ല. കേസിന്റെ തുടക്കത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും ഫാത്തിമയുടെ പിതാവ് ആരോപിച്ചു.
നവംബര്‍ ഒമ്പതിനാണ് മദ്രാസ് ഐ.ഐ.ടി. ഹോസ്റ്റല്‍മുറിയില്‍ ഫാത്തിമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിനു കാരണം അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണെന്ന് ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ കുറിപ്പില്‍ ആരോപിച്ചിരുന്നു. ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തുന്നതിനിടെ കേസ് കോടതി ഇടപെട്ട് സിബിഐക്ക് കൈമാറുകയായിരുന്നു. ഡിസംബര്‍ പകുതിയോടെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.